ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പൊലീസ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് എസ് പി പ്രേംകുമാര്‍ ആണ് സന്നിധാനത്തെ പൊലീസ് കണ്‍ട്രോളര്‍. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി പമ്പയിലും പാലക്കാട് ക്രൈംബ്രാഞ്ച് എസ് പി കെ സലിം നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കുമെന്നും അനികാന്ത് അറിയിച്ചു.
ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് പൊലീസ് കോർഡിനേറ്ററും ദക്ഷിണമേഖല ഐജി ഹർഷിത അത്തല്ലൂരി ജോയിന്റ് പൊലീസ് കോർഡിനേറ്ററായും പ്രവർത്തിക്കും.ഈ മാസം 15നാണ് മണ്ഡലകാലം ആരംഭിക്കുന്നത്.
ഇതിനിടെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തേക്ക് ശബരിമലയിലേക്ക് ഭക്തർക്ക് ആവശ്യമായ കെഎസ്ആർടിസി സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര ( മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളിൽ നിന്നുമാണ് ദിവസേന മുൻ കൂട്ടി റിസർവേഷൻ നൽകി സ്പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നത്.