സിബ്ഗത്തുള്ള .എം

എഡിറ്റർ,ജനശബ്ദം

ചികിത്സാ രംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങി കോഴിക്കോട് മാവൂരിലെ മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ. ഗ്രാസിം ഭൂമി പോലെ അനാസ്ഥയുടെ സ്മാരകമായി ആളനക്കം കാത്ത് കിടന്നിരുന്ന സ്ഥാപനമാണിത്. കാടുപിടിച്ച ആറര ഏക്കർ ഭൂമി, അതിലെ കെട്ടിടങ്ങൾ, 13 വർഷമായി വവ്വാലും കാട്ടുപന്നിയും പോലുള്ള ആനേകം ജീവികളുടെ ആവാസകേന്ദ്രമായിരുന്ന ഈ സ്ഥാപനം കാൻസർ ചികിത്സാ രംഗത്തേക്ക് തിരിച്ച് വരാനൊരുങ്ങുകയാണ് ഇപ്പോൾ. 2010ൽ സർക്കാർ ഏറ്റെടുത്തത് മുതൽ ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകായിരുന്നു കാൻസർ സെന്ററിന്റെ പ്രവർത്തനം. തലശേരിയിലെ കാൻസർ സെന്ററിന്റെ ഉപകേന്ദ്രം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് കീഴിലെ കാൻസർ സെന്റർ എന്നിങ്ങനെ ഉള്ള വാഗ്ദാനങ്ങൾ സ്ഥാപനത്തിലേക്ക് നിരവധി വന്നു. നാടിന്റേയും ജനപ്രതിനിധികളുടേയും ഏറെ കാലത്തെ നിരന്തര ആവശ്യപ്പെടലുകൾക്കൊടുവിലാണ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ, പെയിൻ ആൻഡ് പാലിയേറ്റീവ് വാർഡ് എന്ന സ്ഥാപനം കാൻസർ കെയർ സൊസൈറ്റിയുടെ കീഴിൽ ചികിത്സാ രംഗത്തേക്ക് തിരിച്ചുവരുന്നത്. ഈ കാൻസർ കെയർ സൊസൈറ്റിയുടെ തിരിച്ചുവരവിന് ചുക്കാൻ പിടിക്കുന്നത് കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് ആണ്.കാടുവെട്ടി തെളിച്ചു കഴിഞ്ഞു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നുകൊണ്ടിരിക്കുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ഭൂമി വിട്ടുകൊടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനം എടുത്തതോടെയാണ് മലബാറിലെ സൗജന്യ കാൻസർ ചികിത്സാ കേന്ദ്രം എന്ന പദവിയിലേക്ക് ഈ സ്ഥാപനം വീണ്ടും പിച്ചവെക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചെയർമാനായി രൂപീകരിച്ച കാൻസർ കെയർ സൊസൈറ്റിയുടെ രജിസ്ട്രേഷൻ പൂ‍ർത്തിയായി. ഭൂമി ജില്ലാ പഞ്ചായത്തിന്റെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള നടപടിക്രമങ്ങളും തുടങ്ങി. ഭൂമി വിട്ടുകിട്ടിയാൽ പദ്ധതി യാഥാർത്യമാക്കാനുള്ള നടപടികൾ തുടങ്ങും. കാൻസർ രോ​ഗനിർണയവും തുടർ ചികിത്സയുമാണ് സൊസൈറ്റിയുടെ ലക്ഷ്യം. വായിലും ബ്രെസ്റ്റിലും സെർവിക്സിലും ഉണ്ടാവുന്ന കാൻസർ കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം രോ​ഗ സാധ്യത ഉള്ള ആളുകളെ കണ്ടെത്തുകയും പരിശോധനയിലൂടെ രോ​ഗ നിർണയം നടത്തുകയാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. ശൈലി ആപ്പ് വഴിയാണ് രോ​ഗ സാധ്യതയുളള ആളുകളെ കണ്ടെത്തുക. മാമോ​ഗ്രാം ഉൾപ്പടെയുള്ള രോ​ഗ നിർണയങ്ങളും കീമോ തെറാപ്പി ഉൾപ്പടെയുള്ള ചികിത്സകളും ഇവിടെ ലഭ്യമാക്കും . തുടർഘട്ടങ്ങളിൽ കാൻസറിന്റെ എല്ലാ ചികിത്സകളും ലഭ്യമാക്കുന്ന രീതിയിലേക്ക് സ്ഥാപനത്തിന്റെ പ്രവർത്തനം വളർത്തുാനാണ് തീരുമാനം. കാൻസർ രോ​ഗികൾ തുടർ ചികിത്സ തേടുന്നത് ഉറപ്പുവരുത്തുന്നതും പദ്ധതിയിലുണ്ട്. മാത്രമല്ല ഇപ്പോൾ യാഥാർത്യമാവുന്നത് ഒരു നാടിന്റെ ഏറെ നാളത്തെ കാത്തിരിപ്പ് കൂടിയാണ്.1997ഇൽ മലബാറുകാർക്ക് കാൻസർ ചികിത്സ കിട്ടണമെങ്കിൽ തിരുവനന്തപുരം വരെ പോകേണ്ട കാലമായിരുന്നു.അന്ന് കാൻസർ രോഗികൾ ഏറെ ഉണ്ടായിരുന്ന നാടായിരുന്നു മാവൂർ. അക്കാലത്താണ് മലബാർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘാടകർ ആദ്യ യോഗം ചേരുന്നത്. ഡോ. ഹഫ്സത് കാദർകുട്ടിയുടെ നേതൃത്വത്തിൽ ദുബായിൽ നടന്ന യോഗത്തിൽ ആരോഗ്യ, രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ക്രാക് ദി ക്രാബ് എന്ന പേരിൽ നടന്ന ആ യോഗത്തിന് ശേഷം കേരളത്തിലെ മാവൂരിൽ ഒരു കാൻസർ സെന്റർ പ്രഖ്യാപിക്കപ്പെട്ടു.മാവൂരിലെ തെങ്ങിലക്കടവാണ് കാൻസർ സെന്ററിനായി തെരഞ്ഞെടുത്തത്. 1998 ൽ ജസ്റ്റിസ് ഫാത്തിമ ബിവി ആ മഹത്തായ സ്ഥാപനത്തിന് തറക്കല്ലിട്ടു. 2001-ൽ ഗവർണറായിരുന്ന സുഖ്‌ദേവ്‌സിങ്‌ കാങായിരുന്നു ആശുപത്രി ഉദ്ഘാടനം ചെയ്തത്. 2010 വരെ ഇവിടെ കാൻസർ രോഗികൾക്ക് സൗജന്യ ചികിത്സയുണ്ടായിരുന്നു. ആദ്യകാലത്തു രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള മരുന്നും ചെലവും ഭക്ഷണവും താമസവുമടക്കം സൗജന്യമായി നൽകി. പിന്നീട് റേഡിയേഷൻ തെറാപ്പി യൂണിറ്റുകൂടി ഒരുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി കെട്ടിടം പണിതു. ഇതിനായി ലൈസൻസും നേടി. എന്നാൽ, ഉപകരണങ്ങൾക്കായുള്ള വൻ മുതൽമുടക്കും ആശുപത്രി നടത്തിപ്പുചെലവും ട്രസ്റ്റിന് താങ്ങാനാവുന്നതായിരുന്നില്ല. കാൻസർ സെന്ററിന് പ്രവർത്തനം എക്കാലത്തും മലബാറിലെ ജനങ്ങൾക്ക് ഉപകാരപ്രദമായി മുന്നോട്ട് കൊണ്ടുപോകണം എന്ന ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് ട്രസ്റ്റ് കാൻസർ സെന്റർ സർക്കാരിന് സൗജന്യമായി കൈമാറിയത്. കാൻസർ ചികിത്സയും അനുബന്ധ ഗവേഷണവുമേ സ്ഥാപനത്തിൽ നടത്താവൂവെന്നായിരുന്നു ആകെയുള്ള നിബന്ധന. 2010 ൽ, അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന പി.കെ ശ്രീമതിയാണ് സർക്കാരിനെ പ്രതിനിധീകരിച്ച് ആശുപത്രി ഏറ്റുവാങ്ങിയത്. തലശേരിയിലെ കാൻസർ സെന്ററിന്റെ ഉപകേന്ദ്രമാക്കി മാവൂർ കാൻസർ സെന്റർ പ്രവർത്തിപ്പിക്കുമെന്നും പിന്നീട് അത്യാധുനിക കാൻസർ ചികിത്സാ ഗവേഷണകേന്ദ്രമാക്കി ഉയർ‌ത്തുമെന്നുമായിരുന്നു പ്രഖ്യാപനം. ഒന്നും നടന്നില്ലെന്നുമാത്രമല്ല ആരോഗ്യമന്ത്രി പോയിട്ട് ഉദ്യോഗസ്ഥർ പോലും അങ്ങോട്ട് തിരിഞ്ഞു നോക്കിയതുമില്ല. കാൻസർ സെന്റർ അന്യാതീനപ്പെട്ടുപോകുന്നതിനെതിരെ ജനവികാരം ശക്തമായപ്പോൾ 2014ൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരുകയും കേന്ദ്രസർക്കാരിന്റെ ടെർഷ്യറി കാൻസർ സെന്റർ സ്കീമിന് കീഴിൽ മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ വികസിപ്പിക്കുന്നതിലേക്കായി പ്രൊപ്പോസൽ സമർപ്പിക്കുവാൻ തീരുമാനിക്കുകയും പ്രപ്പോസൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. 2019 മുതൽ കുന്ദമംഗലം എംൽഎ പി.ടി.എ റഹീം കാൻസർ സെന്ററിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ നിയമസഭയിലും മറ്റും ഉന്നയിക്കു കയും ശ്രമങ്ങൾ നടത്തുകയുംചെയ്തുകൊണ്ടേയിരുന്നു.അതിനിടയിൽ ശൈലജ ടീച്ചർ ആരോഗ്യ മന്ത്രി ആയിരിക്കുന്ന കാലത്ത് ഒരു കോടി രൂപ ഇതിനായി അനുവദിക്കുകയും ചെയ്തു.പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിനു കീഴിൽ ഒരു കേന്ദ്രമായി പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചു വരുന്നു എന്ന് മാത്രമായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നുള്ള മറുപടി.കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും സംവിധാനങ്ങളും സൗജന്യമായി സർക്കാരിന് ലഭിച്ചിട്ടും സ്വകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള ഭരണപക്ഷത്തിന്റെ വ്യഗ്രതയാണ് മാവൂരിലെ കാൻസർ സെന്റർ നശിച്ചുപോകാൻ കാരണം എന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് കാൻസർ സെൻ‍റർ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടികളിലേക്ക് ജില്ലാ പഞ്ചായത്ത് നീങ്ങുന്നത്. ജില്ലപ്രൊജക്റ്റ് മാനേജർ (ഡി.പി. എം) ഡോക്ടർനവീൺ തുടക്കക്കാരെ നെങ്കിലും ഇപ്പോൾ പ്രവർത്തനങ്ങളുടെ ചുമതലവഹിക്കുന്നത് ഡോക്ടർ ഷാജി സി കെ യാണ്.

Leave a Reply

Your email address will not be published. Required fields are marked *