നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്ന് കെപി വിനയൻ അറിയിച്ചു. വിവാഹം മാറ്റിവെച്ചെന്ന രീതിയിലുള്ള വാർത്തകൾ പരന്നതോടെയാണ് വിശദീകരണവുമായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ രം​ഗത്തെത്തിയത്. അന്നേ ദിവസം, രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കുണ്ട്.കല്യാണ ദിവസമായ 17ന് ഗുരുവായൂരില്‍ വിവാഹങ്ങള്‍ക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. മോദിയെത്തുന്ന 17ാം തിയ്യതി 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചു. ഇത് രണ്ടാം തവണയാണ് മോദി തൃശൂരിലെത്തുന്നത്. നേരത്തെ, ബിജെപിയുടെ നാരീശക്തി പരിപാടിയിൽ പങ്കെടുക്കാനാണ് മോദിയെത്തിയത്.വിവാഹങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രകാരം വിവാഹ സംഘത്തിൽ 20 പേർക്ക് മാത്രമാണ് അനുമതി. ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും നൽകി പൊലീസ് പാസെടുക്കണം. ചോറൂണിനും തുലാഭാരത്തിനും രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ അനുമതിയില്ലെന്നും ഭാരവാഹികൾ അറിയിച്ചു. അതേസമയം, മോദി ​ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന 17ന് മറ്റു വിവാഹങ്ങൾ വിലക്കിയെന്ന വാർത്ത വന്നതോടെ പൊലീസ് സ്റ്റേഷനിലേക്ക് പരാതികളുടെ പ്രവാഹമാണ്. അന്നേ ദിവസം ​ഗുരുവായൂരിൽ വിവാഹം നിശ്ചയിച്ച 40ഓളം വീട്ടുകാരാണ് പൊലീസിനോട് കാര്യം തിരക്കിയത്. 17ന് മറ്റു വിവാഹങ്ങൾ വിലക്കിയിട്ടില്ലെന്നും കർശന നിയന്ത്രണമേർപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. അന്ന് രാവിലെ എട്ടിനെത്തുന്ന പ്രധാനമന്ത്രി 8.45ന് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങും. അന്ന് രാവിലെ ആറുമുതൽ ഒമ്പത് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. 17ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ മോദി ഇറങ്ങും. റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 8.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ക്ഷേത്രനടയില്‍ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ ഒരുക്കുന്നത്. കൊച്ചിയില്‍ മോദിയുടെ റോഡ് ഷോയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *