തൃപ്പൂണിത്തുറ സ്ഫോടനത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗൻസിലർമാർ. വീട് തകർന്നവർക്കും മറ്റും ക്ഷേത്രകമ്മറ്റി നഷ്ടപരിഹാരം നൽകണം. സ്ഫോടനത്തില്‍ 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായി. എല്ലാം പഴയപടിയാകാൻ കോടികൾ ചെലവ് വരും. സ്ഫോടനത്തിന്‍റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വീട് തകര്‍ന്നവര്‍ ആവശ്യപ്പെടുന്നത്. ഒന്നരകിലോമീറ്ററോളം വ്യാപ്തിയില്‍ നടന്ന ഉഗ്രസ്ഫോടനത്തില്‍ ഒരു ഭാഗത്ത് മനുഷ്യജീവനുകള്‍ പൊലിഞ്ഞു. മറുഭാഗത്ത് വന്‍ നാശനഷ്ടം. പാവങ്ങള്‍ നുള്ളിപ്പെറുക്കിയും വായ്പയെടുത്തുമെല്ലാം നിര്‍മിച്ച വീടുകളാണ് തകര്‍ന്നത്. ഒന്നോ രണ്ടോ അല്ല നാല്‍പതിലേറെ വീടുകള്‍ക്ക്നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. അതില്‍ ചുരുങ്ങിയത് എട്ടെണ്ണമെങ്കിലും പൂര്‍ണമായും ഉപയോഗശൂന്യമായി. വീട് നഷ്ടമായവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ദുരിതാശ്വാസക്യാമ്പിന് സമാനമായ കാഴ്ച. രാത്രി ക്യാമ്പില്‍ കിടന്ന് ഉറങ്ങാന്‍ സാധിക്കാത്തവരെയും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള പ്രായമായവരേയും ബന്ധുവീടുകളിലേക്കും മറ്റും മാറ്റി.ഇതിനെല്ലാമിടയില്‍, കോടികണക്കിന് രൂപയുടെ നഷ്ടപരിഹാരം ആര് നല്‍കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ബന്ധപ്പെട്ടവര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വീട് നഷ്ടമായവര്‍ ആവശ്യപ്പെടുന്നു. അമ്പലകമ്മറ്റിക്കാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് നഗരസഭാ കൗണ്‍സിലര്‍മാരടക്കം തറപ്പിച്ച് പറയുന്നു. വെടിക്കെട് നടക്കുന്ന മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടമുണ്ട്. പുതിയകാവില്‍ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇന്‍ഷുറന്‍സ് ഉണ്ടെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായ പ്രദേശം ഇന്‍ഷുറന്‍സ് പരിധിക്ക് പുറത്താണ് താനും.

Leave a Reply

Your email address will not be published. Required fields are marked *