മോചനം കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹര്‍ജി ഇന്നും റിയാദ് മാറ്റിവെച്ചു. ഇത് എട്ടാം തവണയാണ് കേസ് മാറ്റിവെച്ചത്. ഗവര്‍ണറേറ്റില്‍ നിന്ന് റഹീമിന്റെ മോചന കാര്യത്തില്‍ അഭിപ്രായം തേടിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം.
അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ ഇത്തവണയും അത് ഉണ്ടായില്ല. സൗദി ബാലന്‍ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദിയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്.
കുടുംബം മാപ്പ് നല്‍കി കഴിഞ്ഞാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള നടപടിക്രമം പൂര്‍ത്തിയാക്കി മോചനം അനുവദിക്കുകയാണ് പതിവ്. എന്നാല്‍ റഹീമിന്റെ കേസില്‍ പതിവില്ലാത്ത കാലതാമസമാണ് ഉണ്ടാകുന്നത്.