സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ ഓഫീസ് സമുച്ചയമായ ‘സേവാ തീർത്ഥി’ലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഔദ്യോഗികമായി മാറും. സൗത്ത് ബ്ലോക്കിലെ നിലവിലെ ഓഫീസിൽ നിന്ന് പുതിയ മന്ദിരത്തിലേക്ക് മാറുന്നതിനോടൊപ്പം സമുച്ചയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. സേവാ തീർത്ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസും കാബിനറ്റ് സെക്രട്ടേറിയറ്റും ഇതേ മന്ദിരത്തിൽ തന്നെയായിരിക്കും പ്രവർത്തിക്കുക. കൂടാതെ, വിദേശ പ്രതിനിധികളെ സ്വീകരിക്കുന്നതിനായി ‘ഇന്ത്യ ഹൗസ്’ എന്ന പേരിൽ പ്രത്യേക മന്ദിരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മാറ്റത്തിന് മുന്നോടിയായി സൗത്ത് ബ്ലോക്കിൽ ചേരുന്ന അവസാന കാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയോടൊപ്പം പുതിയ ഓഫീസിലേക്ക് പ്രവേശിക്കുക. കേന്ദ്ര സർക്കാർ ഓഫീസുകളുടെ നവീകരണം ലക്ഷ്യമിട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച സെൻട്രൽ വിസ്ത പദ്ധതിയുടെ സുപ്രധാന ഘട്ടമാണ് ഈ ഓഫീസ് മാറ്റം. ഇതിലൂടെ പ്രധാനപ്പെട്ട മന്ത്രാലയങ്ങളെല്ലാം അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങളിലേക്ക് ഘട്ടംഘട്ടമായി മാറുകയാണ്.
