പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി ജലീല്‍. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി ഇ.പി ജയരാജനാണ് ആദ്യം രാജിവച്ചത്. 2016ലായിരുന്നു ആ രാജി. പിന്നീട് അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തി.
ജലീലിന് മുൻപ് ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി. തോമസ് എന്നിവരാണ് രാജിവെച്ചത്. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് അധികാരമേറ്റ് മാസങ്ങള്‍ക്കകം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ രാജിവെച്ചു.2016 ഒക്ടോബര്‍ 14നായിരുന്നു ജയരാജന്റെ രാജി. എന്നാല്‍, വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ജയരാജന്‍ തിരിച്ചെത്തി. ഇതില്‍ ജയരാജനും ശശീന്ദ്രനും പിന്നീട് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.
എ.കെ ശശീന്ദ്രനാണ് രാജിവച്ച രണ്ടാമന്‍. ഫോണില്‍ സ്ത്രീയോട് ലൈംഗികചുവയോടെ സംസാരിച്ചുവെന്ന വിവാദത്തിലായിരുന്നു ശശീന്ദ്രന്‍ 2017ല്‍ രാജിവച്ചത്. തുടര്‍ന്ന് മന്ത്രിയായി ചുമതലയേറ്റ എന്‍.സി.പിയിലെ തോമസ് ചാണ്ടിക്ക് നിലംനികത്തല്‍ വിഷയത്തില്‍ പെട്ട് രാജിവച്ച് ഒഴിയേണ്ടിവന്നു. സ്വന്തം റിസോര്‍ട്ടിനായി കായല്‍ നികത്തിയെന്നായിരുന്നു കണ്ടെത്തല്‍. തോമസ് ചാണ്ടി രാജിവച്ചതോടെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി.
ഒടുവില്‍ രണ്ടര വര്‍ഷമായി പിന്തുടര്‍ന്നിരുന്ന ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവ് വന്നതോടെ ജലീലിനും രാജിവയ്‌ക്കേണ്ടിവന്നു. മാര്‍ക്ക്ദാനം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ എന്നിവയയെല്ലാം ഇതിനിടെ വന്‍ കോലാഹലങ്ങളുയര്‍ത്തി. എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ പല തവണ ചോദ്യം ചെയ്തു. അപ്പോഴൊക്കെ പിടിച്ചുനിന്ന ജലീലിന് ലോകായുക്ത ഉത്തരവോടെ പടിയിറങ്ങേണ്ടിവന്നു.
2017 നവംബര്‍ 15 നായിരുന്നു തോമസ് ചാണ്ടിയുടെ രാജി. ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടാണ് ചാണ്ടിയുടെ രാജിക്ക് വഴിവെച്ചത്. ശേഷം നേരത്തേ രാജിവെച്ച ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്തു.
രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ജെ.ഡി.എസ് കേരളാഘടകത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ധാരണ പ്രകാരമായിരുന്നു മാത്യു ടി. തോമസിന്റെ രാജി. 2018 നവംബര്‍ 26 ലാണ് ജലവിഭവമന്ത്രിയായിരുന്ന മാത്യു ടി. തോമസ് രാജിവെക്കുന്നത്.
തുടര്‍ന്ന് പാലക്കാട് ചിറ്റൂര്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടി മാത്യു ടി. തോമസിനു പകരം മന്ത്രിസഭയിലെത്തി.