ഇന്ധന വിലവര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. വിലവര്‍ധനയിലൂടെ ലഭിക്കുന്ന പണം ക്ഷേമപദ്ധതികള്‍ക്കാണ് ചെലവഴിക്കുന്നതെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിലെ വിലവര്‍ധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന കാര്യം അംഗീകരിക്കുന്നതായി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. വാക്‌സിന്‍ വിതരണത്തിനായി ഒരു വര്‍ഷം 35000 കോടി രൂപയാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ചെലവഴിക്കുന്നത്. ഇത്തരത്തില്‍ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഇന്ധന വിലവര്‍ധനയിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിച്ചാണ് ക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നികുതി കുറയ്ക്കാന്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് ഇന്ധനവില നൂറ് കടന്നിരിക്കുകയാണ്. പ്രീമിയം പെട്രോളിന് ലിറ്ററിന് നൂറ് രൂപയിലധികം നല്‍കേണ്ട സ്ഥിതിയാണ്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ദിനംപ്രതിയെന്നോണം വില വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പെട്രോളിയം മന്ത്രിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *