ക്രൈം നന്ദകുമാറും താനും സ്വപ്‍നയും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് പിസി ജോർജ്.സ്വർണക്കടത്ത് കേസ് ചർച്ചചെയ്യാൻ സ്വപ്ന സുരേഷും താനുമായി എറണാകുളത്ത് വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് പിസി ജോർജ് കോട്ടയത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ക്രൈം നന്ദകുമാറും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. അന്ന് മൂന്നു പേജുള്ള ഒരു കത്ത് സ്വപ്ന തനിക്ക് കൈമാറിയിരുന്നു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് കണ്ടതിനുശേഷമാണ് എറണാകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയതെന്ന് പിസി ജോർജ് പറയുന്നു.അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. എന്നാൽ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നും ജോ‍ർജ് വ്യക്തമാക്കി.മുഖ്യമന്ത്രി പിണറായി വിജയനും സരിത എസ് നായരും ചേർന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത് എന്ന് പി സി ജോർജ് ആരോപിച്ചു. സരിത നൽകിയ കേസിൽ സിബിഐ അന്വേഷണം നടന്നുവരികയാണ്. ഈ കേസിൽ മൊഴി നൽകാൻ വിളിച്ചെങ്കിലും സിബിഐക്ക് മുൻപിൽ ഹാജരാകാൻ തയ്യാറായിട്ടില്ല. എറണാകുളം വരെ സ്വന്തം കാശിൽ യാത്ര ചെയ്യേണ്ട കാര്യമില്ല എന്നും പി സി ജോർജ് പറയുന്നു. ഇക്കാര്യത്തിൽ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി മൊഴിയെടുക്കാൻ സിബിഐ ഉദ്യോഗസ്ഥനോട് പറഞ്ഞിട്ടുണ്ട്. ഇതിൽ മൊഴി നൽകാത്തതിനാലാണ് സരിതയ്ക്ക് തന്നോട് ദേഷ്യം ഉള്ളത് എന്നും പി സി ജോർജ് വ്യക്തമാക്കി.
മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം. സ്വപ്നയുടെ 164 സ്റ്റേറ്റ്‍മെന്റിൽ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങളുണ്ട്. സിപിഎം നേതാക്കൾ ഒന്നും മിണ്ടുന്നില്ലെന്നും പിണറായിയുടെ കപ്പം വാങ്ങിയാണ് സിപിഎം നേതാക്കൾ നിൽക്കുന്നതെന്നും പി.സി.ജോർജ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ചടങ്ങുകളില്‍ കറുപ്പ് ഇടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌കുമണിഞ്ഞാണ് പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തിനെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *