മലപ്പുറം: താനൂർ ബോട്ടപകടത്തിൽ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണസംഘം അറസ്റ്റു ചെയ്തു. ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവേയർ സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദുരന്തത്തിന് ഇടയാക്കിയ ബോട്ടിന് സർവീസ് നടത്താൻ ക്രമവിരുദ്ധമായി സഹായം ചെയ്തുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

ഒരുമാസം മുമ്പ് ബോട്ട് ഉടമയെയും ജീവനക്കാരെയും അന്വേഷണസംഘം പിടികൂടിയിരുന്നു. ഇതിനു ശേഷമാണ് ഉദ്യോഗസ്ഥ തലത്തിലേക്കും അന്വേഷണം നീങ്ങിയത്. കൊലക്കുറ്റമായ ഐപിസി 302 നു പുറമേ ഐപിസി 337, 338 വകുപ്പുകളും ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിട്ടുണ്ട്. താനൂർ ബോട്ടപകടത്തിൻ്റെ ഒരു കാരണം ഉദ്യോഗസ്ഥ വീഴ്ചയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് അന്വേഷണസംഘത്തിൻ്റെ ഇപ്പോഴത്തെ നടപടി.

അതേസമയം അന്വേഷണസംഘം വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. അപകടത്തിനിടയാക്കിയ ബോട്ടിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു. ഇത് ഗൗരവത്തിൽ എടുക്കാതെയാണ് ബോട്ടിന് ലൈസൻസ് നൽകിയിരുന്നത്. മത്സ്യബന്ധന ബോട്ടാണ് ഉല്ലാസ ബോട്ടാക്കി മാറ്റുന്നതെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമുണ്ടായിട്ടും രേഖകളിൽ ചേർത്തിരുന്നില്ല. സർവേയർ നിയമവിരുദ്ധമായാണ് ഫിറ്റ്നസ് നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്.

താനൂർ ബോട്ടപകടത്തിൽ പോലീസ് അന്വേഷണത്തിന് പുറമേ ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. കുസാറ്റിൽ നിന്നുള്ള പ്രത്യേക സംഘം ബോട്ട് പരിശോധിച്ചിരുന്നു. മെയ് ഏഴിനുണ്ടായ അപകടത്തിൽ 22 പേരാണ് മരണമടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *