കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 14 ആയി. ഇന്നലെയുണ്ടായ ദുരന്തത്തില്‍ 49 ന് മുകളില്‍ പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. അവരില്‍ 43 ഇന്ത്യക്കാരാണുള്ളത്. ഇവരില്‍ 14 പേര്‍ മലയാളികളാണ്. മരിച്ച 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. ഷമീര്‍, ലൂക്കോസ് സാബു, സാജന്‍ ജോര്‍ജ് എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികള്‍. മുരളീധരന്‍, ആകാശ് ശശിധരന്‍, സജു വര്‍ഗീസ്, തോമസ് സി ഉമ്മന്‍ എന്നിവര്‍ പത്തനംതിട്ട സ്വദേശികളാണ്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, കാസര്‍കോട് ചെര്‍ക്കള കുണ്ടടക്കം സ്വദേശി രജ്ഞിത് എന്നിവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയുമെന്ന് സ്ഥിരീകരണം പുറത്തുവരുന്നുണ്ട്. ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27) ആണ് മരിച്ചത്.

5 ആശുപത്രികളിലായിട്ടാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലുള്ള 9 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കുവൈത്ത് ദുരന്തം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം പത്ത് മണിക്ക് ചേരും. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *