തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരും. രാവിലെ പത്ത് മണിക്കാണ് യോഗം. കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതടക്കം യോഗത്തില്‍ ചര്‍ച്ചയാകും. കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ 14 മലയാളികളാണ് മരിച്ചത്. ഇവരില്‍ 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 49 പേര്‍ മരിച്ചതായും ഇവരില്‍ കൂടുതലും ഇന്ത്യാക്കാരാണെന്നും സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. ഷമീര്‍, ലൂക്കോസ് സാബു, സാജന്‍ ജോര്‍ജ് എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികള്‍. മുരളീധരന്‍, ആകാശ് ശശിധരന്‍, സജു വര്‍ഗീസ്, തോമസ് സി ഉമ്മന്‍ എന്നിവര്‍ പത്തനംതിട്ട സ്വദേശികളാണ്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, കാസര്‍കോട് ചെര്‍ക്കള കുണ്ടടക്കം സ്വദേശി രജ്ഞിത് എന്നിവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയുമെന്ന് സ്ഥിരീകരണം പുറത്തുവരുന്നുണ്ട്. ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27) ആണ് മരിച്ചത്.