ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

വീട്ടമ്മയ്ക്ക് മറ്റ് ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഒരാള്‍ക്കുപോലും ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുള്ളവരെയും മാത്രമാണ് ഇങ്ങനെ പ്രവേശിപ്പിച്ചിരുന്നത്.

രണ്ടാഴ്ച മുന്‍പ് ഡീന്‍ കുര്യാക്കോസ് എംപിയും യുട്യൂബര്‍ സുജിത്ത് ഭക്തനും ഇടമലക്കുടി സന്ദര്‍ശിച്ചത് വന്‍ വിവാദമായിരുന്നു. ഇരുവരുടെയും സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇടമലക്കുടിയില്‍ കൊവിഡ് വന്നതെന്നും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

വിഷയത്തില്‍ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസും സുജിത്ത് ഭക്തനും രംഗത്തെത്തി.

ഡീന്‍ കുര്യാക്കോസ് പറഞ്ഞത്: ”ഞങ്ങളുടെ സന്ദര്‍ശനവും ഇപ്പോഴത്തെ കൊവിഡ് ബാധയും തമ്മില്‍ എന്ത് ബന്ധമാണെന്ന് മനസിലാവുന്നില്ല. ഞാന്‍ അവിടെ പോയിട്ട് പത്തുദിവസം കഴിഞ്ഞു. രോഗിയുടെ റൂട്ട് മാപ്പ് പരിശോധിച്ചാല്‍ എങ്ങനെയാണ് രോഗം വന്നതെന്ന് വ്യക്തമാകും. തുടര്‍ന്ന് മറുപടി പറയാം. ഞങ്ങളുടെ സന്ദര്‍ശനത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയാണ് ഞങ്ങള്‍ ഇടമലക്കുടിയില്‍ പോയത്.”

സുജിത്ത് ഭക്തന്റെ പ്രതികരണം: ”മാസ്‌ക് മറ്റ് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഞങ്ങള്‍ പോയത്. ഞങ്ങള്‍ മാത്രമല്ല, അവിടേക്ക് ധാരാളം പേര്‍ വരുന്നുണ്ട്. അവിടെയുള്ളവര്‍ പുറത്തുവന്ന് പോകുന്നുണ്ട്. ടെസ്റ്റ് നടത്തിയാണ് പോയത്. ഇപ്പോഴും ആര്‍ക്കും കുഴപ്പമില്ല. അവിടെയുള്ളവരാണ് മാസ്‌ക് ധരിക്കാത്തത്. സ്ഥലം എംപിയാണ് എന്നെ വിളിച്ചത്, അങ്ങനെയാണ് പോയത്.”

Leave a Reply

Your email address will not be published. Required fields are marked *