മയാമി (യുഎസ്): അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയുടെ പിങ്ക് ജഴ്സിയിൽ ലയണൽ മെസ്സി ഞായറാഴ്ച അവതരിക്കും. ക്ലബ്ബുമായി കരാർ നടപടികൾ പൂർത്തീകരിക്കാൻ അർജന്റീന ഇതിഹാസതാരം കുടുംബത്തോടൊപ്പം ഇന്നലെ ഫ്ലോറിഡയിലെത്തി.

സ്വകാര്യ വിമാനത്തിലാണ് മെസ്സി ഇന്റർ മയാമി ക്ലബ്ബിന്റെ ഹോം സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഫോർട്ട് ലൗഡർഡെയ്‌ലിലെ വിമാനത്താവളത്തിൽ ഇറങ്ങിയത്. രണ്ടര വർഷത്തേക്കു മെസ്സി ക്ലബ്ബുമായി കരാർ ഒപ്പു വയ്ക്കും. 6 കോടി യുഎസ് ഡോളർ (ഏകദേശം 492 കോടി രൂപ) ആയിരിക്കും വാർഷിക പ്രതിഫലമെന്നാണ് സൂചന.

ഹോംഗ്രൗണ്ടായ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിലാണ് ക്ലബ് 16ന് (ഞായറാഴ്ച) മെസ്സിയെ അവതരിപ്പിക്കുന്നത്. ഫ്ലോറിഡയിലെങ്ങും മെസ്സിയെ വരവേൽക്കാനുള്ള കട്ടൗട്ടുകൾ ഉയർന്നിട്ടുണ്ട്. 21ന് മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളുമായി ലീഗ്സ് കപ്പ് മത്സരത്തിൽ മെസ്സി ഇന്റർ മയാമിക്കു വേണ്ടി അരങ്ങേറും.

സ്പാനിഷ് ക്ലബ് ബാർസിലോനയിലെ സഹതാരം സെർജിയോ ബുസ്കെറ്റ്സും മയാമിയുമായി ധാരണയിലെത്തിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിൽ മെസ്സിയെ പരിശീലിപ്പിച്ചിട്ടുള്ള ജെറാർദ് മാർട്ടിനോയാണ് ക്ലബ്ബിന്റെ പരിശീലകൻ. മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിന്റെ കൂടി ഉടമസ്ഥതയിലുള്ളതാണ് ഇന്റർ മയാമി ക്ലബ്.

Leave a Reply

Your email address will not be published. Required fields are marked *