ന്യൂ ഡല്‍ഹി: ഓടുന്ന ട്രെയിനില്‍ വന്‍ സജ്ജീകരണങ്ങളോടെ പൂജ നടത്തുന്ന വീഡിയോ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചതോടെ വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ. ഐആര്‍സിടിസി വഴി സ്വകാര്യവ്യക്തി ബുക്ക് ചെയ്ത സലൂണ്‍ കോച്ചിലാണ് പൂജ നടത്തിയതെന്നാണ് നോര്‍ത്തേണ്‍ റെയില്‍വേയുടെ വിശദീകരണം. ജൂലൈ പത്തിന് പശ്ചിം എക്സ്പ്രസ് ട്രെയിനില്‍ ഡല്‍ഹി- മുംബൈ യാത്രയ്ക്കിടെയായിരുന്നു പൂജ നടന്നത്. പിന്നീട് വീഡിയോ ചര്‍ച്ചയാവുകയായിരുന്നു.
ജൂലൈ 8ന് മൂന്ന് ലക്ഷം രൂപ അഡ്വാന്‍സ് ആയി ബുക്ക് ചെയ്താണ് പൂജ നടത്തിയതെന്നും റെയില്‍വേ വിശദീകരണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കും ട്രെയിന്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുമായിരുന്നു മുന്‍ഗണന നല്‍കിയതെന്നും കൃതൃനിഷ്ഠത, സുരക്ഷ, സെക്യൂരിറ്റി എന്നിവ ഉറപ്പ് നല്‍കിയിരുന്നുവെന്നും റെയില്‍വേ വ്യക്തമാക്കുന്നു. സംഭവത്തിനിടെ ആര്‍ക്കും പരിക്കില്ലെന്നും റെയില്‍വേ കൂട്ടിച്ചേര്‍ത്തു.
ട്രെയിന്‍ കോച്ചിന്റെ നടുവിലിരുന്ന് പൂജാരി പൂജ ചെയ്യുന്നതും കുറച്ചുപേര്‍ അദ്ദേഹത്തെ അഭിമുഖീകരിച്ച് പൂജയുടെ ഭാഗമായി ഇരിക്കുന്നതുമായി പ്രചരിക്കുന്ന ദൃശ്യത്തിലുള്ളത്. ഭൂരിഭാഗം പേരും വെള്ളവസ്ത്രമായിരുന്നു ധരിച്ചിരുന്നത്.
