ഒളിംപിക്സ് ഗുസ്തി ഫൈനലിൽ നിന്ന് 100 ഗ്രാം അമിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി ഇന്ന് വിധി പറയും. ഇന്ത്യൻ സമയം രാത്രി 9.30നാണ് കോടതി വിധി പറയുക. ഒളിംപിക്സ് പൂര്‍ത്തിയാകും മുമ്പെ തീരുമാനം നല്‍കിയ അപ്പീലിലാണ് ഒളിംപിക്സ് പൂര്‍ത്തിയായ രണ്ട് ദിവസം കഴിഞ്ഞ് കോടതി വിധി പറയുന്നത്.സാങ്കേതിക കാരണങ്ങളാല്‍ വിനേഷിന്‍റെ അപ്പീല്‍ തള്ളിപ്പോകുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിധി വരാന്‍ വൈകിയത് ഇന്ത്യൻ സംഘത്തിന്‍റെ സമ്മര്‍ദ്ദവും കോടതിയില്‍ അഭിഭാഷകര്‍ ഉന്നയിച്ച ശക്തമായ വാദങ്ങളും കണക്കിലെടുത്താണെന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് എടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വിനേഷിനും ഇന്ത്യൻ ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുകയും ചെയ്തു.പക്ഷെ അപ്പോഴും വിനേഷിന്‍റെ അപ്പീലില്‍ അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷൻ എന്ത് നിലപാട് എടുക്കുമെന്നതാണ് കോടതിയില്‍ നിര്‍ണായകമാകുക. വാദത്തിനിടെ ഫെഡറേഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞത്, ഒളിംപിക്സില്‍ വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും എല്ലാവര്‍ക്കും ഒരേ നീതി ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാന്‍ കഴിയില്ല എന്നുമായിരുന്നു. നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ് എന്നും ഫെഡറഷേൻ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *