ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കാതെ കേരള മെഡിക്കൽ സര്‍വ്വീസസ് കോര്‍പറേഷനിൽ 186 പേരെ നിയമിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. അതിൽ 135 പേര്‍ ഇപ്പോഴും വിവിധ തസ്തികകളിൽ തുടരുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് രേഖ. പിഎസ്‍സി പരിധിയിലല്ലാത്ത നിയമനങ്ങൾ നിര്‍ബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന സര്‍ക്കാർ നിബന്ധന കാറ്റിൽ പറത്തിയാണ് നിയമനങ്ങളത്രയും നടന്നിട്ടുള്ളത്.കേരള മെഡിക്കൽ സര്‍വ്വീസസ് കോര്‍പറേഷനിലെ കരാര്‍ ദിവസ വേതന ജീവനക്കാരുടെ സേവന വിവരങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ആരോഗ്യ മന്ത്രി പുറത്ത് വിട്ട രേഖയനുസരിച്ച് പിൻവാതിൽ നിയമനം നേടിയത് 186 പേരാണ്. ഇതിൽ 135 പേര്‍ ഇപ്പോഴും ജോലിയിൽ തുടരുന്നുണ്ട്. പിഎസ്‍സി പരിധിയിൽ വരാത്ത നിയനനങ്ങളാണെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തണം. എന്നിട്ടും യോഗ്യതയുള്ളവരെ കണ്ടെത്താനായില്ലെങ്കിൽ മാധ്യമങ്ങളിൽ പരസ്യം നൽകണം.ഇത്രയും നടപടികൾ ഒറ്റയടിക്ക് മറികടന്നാണ് ഇത്രയധികം ആളുകൾ മെഡിക്കൽ സര്‍വ്വീസസ് കോര്‍പറേഷനിൽ കയറിപ്പറ്റിയത്. സ്ഥിരപ്പെടുത്തൽ റദ്ദാക്കണമെന്ന് വിജിലൻസ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത് ജീവനക്കാര്‍ക്ക് പോലും ശമ്പള പരിഷ്കരണം അനുവദിച്ചെന്നും സര്‍വ്വീസ് ബുക്ക് ക്രമപ്പെടുത്തി നൽകിയെന്നും കണ്ടെത്തലുണ്ട്. കരാർ ജീവനക്കാരുടെ നിയമനത്തിന് തൊഴിൽ വകുപ്പ് മാനദണ്ഡങ്ങൾ മെഡിക്കൽ സര്‍വ്വീസസ് കോര്‍പറേഷൻ പാലിച്ച് തുടങ്ങിയത് പോലും 2023 ഏപ്രിൽ മുതലാണ്. കരാര്‍ നിയമനങ്ങളിലെ പ്രാഥമിക പരിശോധനയിൽ മാത്രം ഇത്രയധികം ക്രമക്കേട് കണ്ടെത്തിയതും.

Leave a Reply

Your email address will not be published. Required fields are marked *