തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന ആരോപണത്തില്‍ ഭരണ, പ്രതിപക്ഷ കക്ഷികളെ കുറ്റപ്പെടുത്തി ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. മണ്ഡലത്തില്‍ 60,000ത്തിലേറെ കള്ളവോട്ട് ചേര്‍ത്തെന്ന് കേരളത്തിലെ ഒരു മന്ത്രി പറയുകയാണ്. ഒരു എം.എല്‍.എ പോലുമില്ലാത്ത പാര്‍ട്ടി 60,000 വോട്ട് അനധികൃതമായി ചേര്‍ക്കുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു അവരോട് ചോദിക്കാനുള്ളത്. നിങ്ങളൊക്കെ തൂങ്ങിചാകുന്നതാണ് നല്ലത്. ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
”സുരേഷ് ഗോപി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു ഞാന്‍. തെരഞ്ഞെടുപ്പിന്റെ പ്രചാരണം എങ്ങനെയായിരുന്നു, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പാര്‍ട്ടി ചെയ്തത് എന്താണ് എന്നതുള്‍പ്പെടെ എന്താണ് നടന്നതെന്ന് എനിക്കറിയാം. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടിയുണ്ട്. വര്‍ഷത്തില്‍ മൂന്നുതവണ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനുള്ള സംവിധാനമുണ്ടിപ്പോള്‍.
ആറ് മാസത്തില്‍ കൂടുതല്‍ സ്ഥിരതാമസമുള്ള ആര്‍ക്കും അവിടുത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. അത്തരത്തില്‍ ഏതാനും ചില വോട്ടുകള്‍ മാത്രമാണ് തൃശൂരില്‍ ചേര്‍ത്തത്. കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും പല ജനപ്രതിനിധികള്‍ക്കും ഇത്തരത്തില്‍ വോട്ടുണ്ട്. സുരേഷ് ഗോപി കഴിഞ്ഞ രണ്ട് വര്‍ഷമായി തൃശൂരില്‍ വീട് വാടകക്കെടുത്ത് ഇവിടെ താമസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും ഡ്രൈവറുമുള്‍പ്പെടെ ഇവിടെ താമസിച്ചിരുന്നു. 75,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ജയിച്ചത്.
ഇപ്പോള്‍ 60,000ത്തിലേറെ കള്ളവോട്ട് ചേര്‍ത്തെന്ന് കേരളത്തിലെ ഒരു മന്ത്രി പറയുകയാണ്. ഒരു എം.എല്‍.എ പോലുമില്ലാത്ത പാര്‍ട്ടി 60,000 വോട്ട് അനധികൃതമായി ചേര്‍ക്കുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു എന്നാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത്. നിങ്ങളൊക്കെ തൂങ്ങിചാകുന്നതാണ് നല്ലത്. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിനും ജനപിന്തുണ ഏറെയുണ്ടെന്ന് പറയുന്ന കോണ്‍ഗ്രസിനും അത് കണ്ടുപിടിക്കാനായില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലത്.
89 വോട്ടിന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍. എനിക്കെതിരെ 6000 കള്ളവോട്ടാണ് അന്ന് നടന്നത്. ഞാന്‍ കോടതിയില്‍ പോയി. അന്നത്തെ എം.എല്‍.എ മരിച്ചുപോയപ്പോള്‍ കേസ് പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് ഫലത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. വെറുതെ ആരോപണമുന്നയിച്ച് വിവാദമുയര്‍ത്തേണ്ട കാര്യമില്ല” -സുരേന്ദ്രന്‍ പറഞ്ഞു.
