ഫുക്കെട്ട്- ഡൽഹി വിമാനത്തിൻ്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, എയർ ഇന്ത്യ തങ്ങളുടെ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിലവിലെ ചട്ടപ്രകാരം നിരോധിച്ചിട്ടുള്ള ലഹരിവസ്തുക്കൾക്കോ മരുന്നുകൾക്കോ എതിരെയുള്ള നിർബന്ധിത പരിശോധന പ്രഖ്യാപിച്ചു. 2026 ആഗസ്റ്റ് 13 മുതൽ ഈ പരിശോധനാ നടപടികൾ ആരംഭിക്കും.

ഗുരുഗ്രാം അക്കാദമിയിലെ പരിശീലന സെഷനുകൾക്കൊപ്പവും, ഫ്ലൈറ്റ് ബ്രീഫിംഗ് സെന്ററുകളിലും എയർ ഇന്ത്യ ഓഫീസുകളിലും, അതത് പൈലറ്റ് ബേസുകളിലെ നിശ്ചിത കേന്ദ്രങ്ങളിലും ഈ പരിശോധനകൾ നടത്തുന്നതാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

യാത്രക്കാരുടെയും  സമൂഹത്തിന്റെയും സുരക്ഷയും പ്രൊഫഷണൽ നിലവാരവും കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് നിലവിലെ റെഗുലേറ്ററി ആവശ്യങ്ങൾക്കപ്പുറമുള്ള ഈ പുതിയ നീക്കം.

ആഗസ്റ്റ് 4-ന് ഫുക്കെട്ട്-ഡൽഹി വിമാനത്തിന്റെ പെട്ടെന്നുണ്ടായ ഉയര വ്യതിയാന സമയത്ത് വിമാനം നിയന്ത്രിച്ചിരുന്ന എയർ ഇന്ത്യ പൈലറ്റ്, ലാൻഡിംഗിന് ശേഷം നിൽക്കാൻ ബുദ്ധിമുട്ടുകയും നിർബന്ധിത ഡ്രഗ് സ്ക്രീനിംഗിനായി മൂത്രസാമ്പിൾ നൽകുന്നതിനിടയിൽ സഹായം തേടുകയും ചെയ്തിരുന്നുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. പൈലറ്റിന്റെ കൺഫർമേറ്ററി ഡ്രഗ് പരിശോധനാ ഫലം കഞ്ചാവിന് പോസിറ്റീവ് ആയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിമാനത്തിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ പരിശോധനാ ഫലം നിർണ്ണായകമായി മാറിയിരിക്കുകയാണ്. ഫുക്കെട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മൂന്ന് ശിശുക്കളും 137 യാത്രക്കാരും എട്ട് ജീവനക്കാരും അടങ്ങിയ എയർബസ് എ320 വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിന് പെട്ടെന്ന് ഏകദേശം 300 അടി ഉയരവ്യതിയാനം സംഭവിച്ച് ആകാശത്തുവെച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. 20 യാത്രക്കാർക്കും നാല് കാബിൻ ക്രൂ അംഗങ്ങൾക്കും ഇതിൽ പരിക്കേറ്റിരുന്നു.

വിമാനത്തിന് പെട്ടെന്ന് ഉയരവ്യതിയാനം അനുഭവപ്പെട്ട സമയത്ത് പൈലറ്റിനെ കോക്ക്പിറ്റിന്റെ തറയിൽ കണ്ടെത്തിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. വിമാനത്തിന്റെ ചലനം കാരണമമാണോ അദ്ദേഹം വീണത് അതോ സംഭവം നടക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം തറയിൽ വീണുകിടക്കുകയായിരുന്നോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *