കോരിച്ചൊരിയുന്ന മഴയെത്തും ആവേശം ചോരാതെ ചുവടുവെച്ച് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കണിയാപുരത്തുനിന്ന് ആരംഭിച്ചതിന് പിന്നാലെയാണ് മഴ പെയ്തത്. അപ്രതീക്ഷിതമായി പെയ്ത മഴയിലും രാഹുൽ ഗാന്ധി യാത്രയുമായി മുന്നോട്ടു നടക്കുകയായിരുന്നു. യാത്രാ നായകൻ മുന്നോട്ടു കുതിച്ചതോടെ പ്രവർത്തകരും വർദ്ധിത ആവേശത്തോടെ മുന്നോട്ടു നടന്നു. മഴയിലും രാഹുൽ ഗാന്ധിയെ കാണുവാൻ റോഡിന്റെ ഇരുവശങ്ങളിലും ആയിരങ്ങളാണ് തടിച്ചുകൂടിയത്. പൂക്കളുമായി രാഹുലിനെ വരവേൽക്കാൻ കുട്ടികളും കാത്തു നിൽക്കുന്നുണ്ടായിരുന്നു. റോഡിന്റെ ഇരുവശത്തെയും ജനസഞ്ചയത്തെ കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തു കൊണ്ടാണ് മതേതര ഇന്ത്യയുടെ രാജകുമാരൻ തന്റെ ജൈത്രയാത്ര തുടരുന്നത്. തുടർച്ചയായി പെയ്ത മഴയിലും ആയിരത്തിലേറെ കോൺഗ്രസ് പ്രവർത്തകരാണ് പദയാത്രയെ അനുഗമിച്ചത്. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, ജോഡോ യാത്ര കേരള കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, എംപിമാരായ കെ മുരളീധരൻ, അടൂർ പ്രകാശ് എന്നിവരും ഉണ്ടായിരുന്നു.അതേസമയം കെ റെയിൽ സമരത്തിന് കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പിന്തുണ. കെ റെയിൽ വേണ്ട എന്നാണ് രാഹുലിന്‍റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതം ഗൗരവതരമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. സമര സമിതി നേതാക്കളെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ശക്തമായ പ്രതിഷേധമുണ്ടാകണമെന്ന് സമരസമിതി നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.സിൽവർലൈൻ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ രാഹുലിനെ അറിയിച്ചു. ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങളെ ഗൗരവത്തോടെ കാണുന്നതായും ഒപ്പം നിൽക്കുമെന്നും രാഹുൽ പറഞ്ഞു. ശക്തമായ ജനകീയ പ്രശ്നമായതിനാൽ പാർട്ടിയുടെ പിന്തുണ വേണമെന്നും അതുണ്ടാകുന്നുണ്ടോയെന്നും കോൺഗ്രസ് നേതാക്കളോട് രാഹുൽ ആരാഞ്ഞതായും നേതാക്കൾ വ്യക്തമാക്കി. ആറ്റിങ്ങലിൽ വച്ചാണ് കെ റെയിൽ വിരുദ്ധ സമര നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കല്ലമ്പലത്താണ് ഇന്ന് സമാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *