ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. ചേരികൾ മറയ്ക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പരാജയങ്ങളാണ് മറയ്ക്കാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. പരാജയങ്ങൾ മറച്ചുവെക്കാനുള്ള ഇത്തരം ‘ഹിജാബുകൾ’ ബി.ജെ.പിക്ക് പുതിയ കാര്യമല്ലെന്നും അദ്ദേഹം പരിഹസിച്ചു.
എന്നാൽ, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ പ്രശംസിക്കപ്പെടുന്നത് കോൺഗ്രസിന് സഹിക്കാനാകുന്നില്ലെന്ന് ബി.ജെ.പി തിരിച്ചടിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ ആഗോള സ്വാധീനം വർദ്ധിച്ചതിലുള്ള അസഹിഷ്ണുതയാണ് കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ഉച്ചകോടിക്കെത്തുന്ന വിദേശ നേതാക്കളുടെ കണ്ണിൽപ്പെടാതിരിക്കാൻ വസന്ത് വിഹാർ ഉൾപ്പെടെയുള്ള ഡൽഹിയിലെ പ്രമുഖ ചേരിപ്രദേശങ്ങളാണ് അധികൃതർ മറച്ചിരിക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിലുടനീളം നടക്കുന്ന സുരക്ഷാ-സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്കിടെയാണ് ചേരികൾ മറച്ച സംഭവം വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
