ന്യൂ ഡൽഹി: ഇന്ത്യൻ ടീമിന്റെ ജേഴ്സി മാറ്റിയതുമായി ബന്ധപ്പെട്ട വിവാദം ഉൾപ്പെടെ എട്ട് ആരോപണങ്ങളിൽ ഹോക്കി ഇന്ത്യ ഡയറക്ടർ ജനറലായ കമാൻഡർ ആർകെ ശ്രീവാസ്തവയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്രസിഡന്റ് ദിലീപ് ടിർക്കെയുടെ അഭിഭാഷകൻ മുഖേനയാണ് ഹോക്കി ഇന്ത്യ നോട്ടീസ് നൽകിയത്. ഇതോടൊപ്പം ഡയറക്ടർ ജനറൽ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ എല്ലാ അധികാരങ്ങളും നീക്കി.

നോട്ടീസ് ലഭിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി ലഭിച്ചില്ലെങ്കിൽ നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി. പരമ്പരാഗത നീല ജേഴ്സിക്ക് പകരം ഇന്ത്യൻ ടീമിന്റെ ജേഴ്സി ഓറഞ്ച് നിറത്തിലേക്ക് മാറ്റിയത് പ്രസിഡന്റുമായോ എക്സിക്യൂട്ടീവ് കമ്മിറ്റിയുമായോ മുൻകൂർ കൂടിയാലോചന നടത്താതെയാണെന്നാണ് പ്രധാന ആരോപണം.

വേൾഡ് കപ്പിൽ പങ്കെടുക്കുന്നതിനായി നെതർലൻഡ്സിലേക്കും ബെൽജിയത്തിലേക്കും യാത്ര ചെയ്തതും നോട്ടീസിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഹോക്കി ഇന്ത്യ ലീഗുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയിൽ തുടരണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും അത് അവഗണിച്ച് ലോകകപ്പിന് പോയെന്നാണ് ആരോപണം.

ജേഴ്സി വിവാദത്തിലെ പിആർ ഏജൻസി വിഷയം, ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ താരങ്ങളുടെ അച്ചടക്ക നടപടി, പരിശീലകൻ ക്രെയ്ഗ് ഫുൾട്ടനുമായി ബന്ധപ്പെട്ട വിഷയം, ഹോക്കി ഇന്ത്യയിലെ ജീവനക്കാരനായ വിക്രം പാലുമായി ബന്ധപ്പെട്ട ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയുടെ ലൈംഗികാതിക്രമം തടയൽ (POSH) കേസിലെ ആഭ്യന്തര രേഖകൾ, എഫ്ഐഎച് , എഎച്എഫ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായുള്ള ആശയവിനിമയം എന്നിവയും ആരോപണങ്ങളിൽ ഉൾപ്പെടുന്നു.

നോട്ടീസ് അന്തിമ കുറ്റനിർണയമോ അച്ചടക്ക ശിക്ഷയോ അല്ലെന്നും നിലവിലെ കരാർ പ്രകാരമുള്ള പ്രതിഫലത്തെയോ സേവന ആനുകൂല്യങ്ങളെയോ ഇത് ബാധിക്കില്ലെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *