പാലക്കാട്: മുഖ്യമന്ത്രിയുടെ വിദേശ യാത്രയെക്കുറിച്ചുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ പരാമർശം വില കുറഞ്ഞതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നാടിന്റെ വികസനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നത്. ഉല്ലാസത്തിന് വേണ്ടി നടത്തുന്ന യാത്രയല്ലെന്നും ഇത്തരം ആരോപണങ്ങൾക്കൊന്നും മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എൽദോസ് കുന്നപ്പിള്ളിക്ക് നേരെയുണ്ടായിരിക്കുന്ന ആരോപണം ഗൗരവമായ വിഷയമാണെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഒരു എംഎൽഎയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു തെറ്റ് ഉണ്ടാവരുത്. തെറ്റ് സംഭവിച്ചെങ്കിൽ അന്വേഷിച്ച് കണ്ടു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. നരബലി നടത്തിയത് എത് പാർട്ടിയിൽപ്പെട്ടവരാണെങ്കിലും സംരക്ഷിക്കില്ലെന്നും സിപിഐഎം സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യത്തിൽ സിപിഐഎമ്മിന് വ്യക്തമായ നിലപാടുണ്ട്.

എല്ലാ പാർട്ടിക്കാരും ഇത്തരം പ്രവണതകൾക്കെതിരെ രംഗത്ത് വരണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.ജനം ഭയത്തിൽ കഴിയുമ്പോൾ പിണറായി വിജയൻ വിദേശ ടൂറിലാണെന്നായിരുന്നു വി മുരളീധരന്റെ വിമർശനം. വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നത്. കുടുംബത്തെ കൊണ്ടുപോകുമെന്ന് അറിയിച്ചില്ല. മുഖ്യമന്ത്രി ആധുനിക നീറോയാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *