ന്യൂ ഡൽഹി: ഓരോ ചികിത്സയുടെയും നിരക്കുകൾ ആശുപത്രികളിൽ രോഗികൾക്ക് കാണാവുന്ന വിധത്തിൽ പരസ്യമായി പ്രദർശിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക കത്തയച്ചത്.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് 2010, കേന്ദ്ര ചട്ടങ്ങൾ 2012 എന്നിവ പ്രകാരം ആശുപത്രികളും ക്ലിനിക്കുകളും ഓരോ സേവനത്തിനും ഈടാക്കുന്ന തുക ഇംഗ്ലീഷിലും അതത് പ്രാദേശിക ഭാഷകളിലും പ്രവേശന കവാടങ്ങളിലും പ്രധാന ഇടങ്ങളിലും പ്രദർശിപ്പിക്കണം. ചികിത്സ തുടങ്ങുന്നതിന് മുൻപ് തന്നെ ചെലവുകളെക്കുറിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വ്യക്തമായ ധാരണ നൽകാനും ബില്ലിംഗുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാനുമാണിത്. കൂടാതെ, മെഡിക്കൽ ആയുഷ് വിസകളിൽ ഇന്ത്യയിൽ ചികിത്സ തേടിയെത്തുന്ന വിദേശ രോഗികൾക്കായി പ്രത്യേക പാക്കേജ് നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും കത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ആരോഗ്യ മേഖല സംസ്ഥാന വിഷയമായതിനാൽ ഈ നിയമങ്ങളുടെ ലംഘനം നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ നടപ്പിലാക്കാനുമുള്ള പൂർണ്ണ ചുമതല സംസ്ഥാന സർക്കാരുകൾക്കാണെന്നും കേന്ദ്രം വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവുകൾക്കും മരുന്നുകളുടെ കൊള്ളലാഭത്തിനുമെതിരെ ദേശീയതലത്തിൽ ചര്‍ച്ചയാകുന്നതിനിടെയാണ് കേന്ദ്രനിർദേശം. വിപണി വിലയേക്കാള്‍ 170 മുതൽ 700 ശതമാനം വരെ ഉയർന്ന എംആർപി നിശ്ചയിച്ച് കാൻസർ മരുന്നുകൾ വിറ്റഴിക്കുന്നതിനെതിരെ സുപ്രീം കോടതി നടത്തിയ ഇടപെടലുകളും ആശുപത്രികളിലെ കൊള്ളലാഭത്തിനെതിരെ മഹാരാഷ്ട്ര എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ രംഗത്തെത്തിയതുമാണ് ആരോഗ്യമേഖലയിലെ അമിത നിരക്കുകളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്.
ജീവൻരക്ഷാ കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചെങ്കിലും ഇന്ത്യൻ ആരോഗ്യമേഖലയിലെ ബില്ലിംഗ് ചൂഷണങ്ങൾ അവസാനിപ്പിക്കാൻ മരുന്ന് വില നിയന്ത്രണം കൊണ്ടുമാത്രം സാധിക്കില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വിദേശ മൂലധന നിക്ഷേപത്തിന്റെ ഒഴുക്കും, ആശുപത്രികൾക്കൊപ്പം സ്വന്തമായി ഫാർമസികളും ഡയഗ്നോസ്റ്റിക് ലാബുകളും ഇൻഷുറൻസ് കമ്പനികളും ഒരൊറ്റ കുടക്കീഴിൽ പ്രവർത്തിപ്പിക്കുന്ന കോർപ്പറേറ്റ് ശൃംഖലകളുടെ കടന്നുവരവും രോഗികളെ മറ്റ് വഴികളില്ലാത്ത അവസ്ഥയിലേക്ക് തള്ളിവിടുകയാണ്.
ഇന്ത്യയിലെ കിടത്തിച്ചികിത്സയുടെ 60 ശതമാനവും ഒപി സേവനങ്ങളുടെ 70 ശതമാനവും സ്വകാര്യ മേഖലയാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ ഇവരുടെ നിരക്കുകൾ നിയന്ത്രിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്.
