ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിന്റെ പേരിൽ നേരിട്ട അപകീർത്തി കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസം. കേസിൽ വിചാരണ കോടതിയുടെ തുടർനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കള്ളന്മാരുടെ രാജാവ്’ എന്നും ‘കമാൻഡർ ഇൻ ചീഫ്’ എന്നും വിശേഷിപ്പിച്ചുവെന്ന് കാണിച്ച് മഹാരാഷ്ട്രയിൽ ബി.ജെ.പി പ്രവർത്തകനായ മഹേഷ് ശ്രീമാളാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നല്‍കിയിരുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ സമൻസ് ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച രാഹുൽ ഗാന്ധിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ഹാജരായി. കേസിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി, നാലാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതുവരെയാണ് വിചാരണ കോടതിയുടെ തുടർനടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *