കാലടി സംസ്കൃത സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സമരത്തിന് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് എത്തും. രാവിലെ 9.30-ഓടെ സർവ്വകലാശാല കവാടത്തിന് മുന്നിലെ സമരപ്പന്തലിലെത്തുന്ന അദ്ദേഹം വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തും. അതേസമയം, വിഷയത്തിൽ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വിശദമായ വാദം കേൾക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി സർവ്വകലാശാല അധികൃതരുടെ നിലപാടിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. അറുപത് ദിവസത്തിലധികമായി വിദ്യാർത്ഥികളെ പുറത്തുനിർത്തിയിട്ടും സർവ്വകലാശാലയ്ക്ക് അരിശം തീരാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിനിടെ, മാപ്പപേക്ഷ നൽകിയാൽ 12 വിദ്യാർത്ഥികളെ തിരിച്ചെടുക്കാമെന്ന് സർവ്വകലാശാല ഇന്നലെ കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകിയിട്ടുണ്ടെങ്കിലും, മറ്റ് നാല് വിദ്യാർത്ഥികളുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.
