കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് (നവംബർ 16) മാറ്റി. മാപ്പപേക്ഷ നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാലയുടെ നിലപാടിനെ വിദ്യാർത്ഥികൾക്ക് നിയമപരമായി ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയം കൂടി ഉൾപ്പെടുത്തി ഹർജി ഭേദഗതി ചെയ്ത് സമർപ്പിക്കാനും കോടതി വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.
അതേസമയം, കാലടി സംസ്കൃത സർവ്വകലാശാലയിലെ സമരപ്പന്തലിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർവ്വകലാശാല അധികൃതർക്കെതിരെ രൂക്ഷവിമർശനമുയർത്തി. പി. രാജീവ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് എന്നിവർക്കൊപ്പമാണ് അദ്ദേഹം വിദ്യാർത്ഥികൾക്ക് പിന്തുണയുമായെത്തിയത്. ജനാധിപത്യ സംരക്ഷണത്തിനായി തെറ്റിനെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ മർദ്ദന സംവിധാനങ്ങൾ ഒരുക്കുകയാണെന്നും, എന്നാൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ ഹുങ്കോടെ നടന്ന കേന്ദ്രത്തിന് മുട്ടുമടക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാലടിയിൽ എസ്.എഫ്.ഐക്കെതിരെ പ്രതികാര മനോഭാവത്തോടെയുള്ള ദുരുപദിഷ്ട നടപടികളാണ് നടക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ആദരവ് അർഹിക്കുന്ന സ്ഥാനത്തിരിക്കുന്ന വി.സി ആർ.എസ്.എസിന്റെ ഇഷ്ടതോഴിയായാണ് പ്രവർത്തിക്കുന്നതെന്നും സമൂഹത്തിന് മുന്നിൽ പച്ച നുണകളാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
