ഫോണിലേക്ക് വിദേശ നമ്പരില്‍ നിന്ന് അശ്ലീല ദൃശ്യം അയച്ചയാള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു കായംകുളം ഡിവൈഎസ്പി ഓഫീസില്‍ എത്തി പരാതി നല്‍കി. കഴിഞ്ഞ ദിവസം ഉച്ച മുതല്‍ തുടര്‍ച്ചയായി തന്റെ ഫോണിലേക്ക് ഒരു വിദേശ നമ്പരില്‍ നിന്നും വാട്‌സാപ്പില്‍ വീഡിയോ കോള്‍ വന്നുകൊണ്ടേയിരുന്നുവെന്ന് അരിത തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കോള്‍ ചെയ്തയാളുടെ സ്‌ക്രീന്‍ ഷോട്ടും ചാറ്റ് സ്‌ക്രീന്‍ ഷോട്ടും അടക്കമാണ് അരിതയുടെ പോസ്റ്റ്.
അരിത ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്’
പ്രിയപ്പെട്ടവരേ,
ഏറെനാളായി സൈബര്‍ ലോകത്ത് വേട്ടയാടപ്പെടുന്ന സ്ത്രീകളിലൊരാളാണ് ഞാന്‍. പതിവുപോലെ ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും സൈബര്‍ ഞരമ്പുരോഗികള്‍ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. ഇന്ന് ഉച്ചമുതല്‍ തുടര്‍ച്ചയായി എന്റെ ഫോണിലേക്ക് +97430589741 എന്ന വിദേശ നമ്പരില്‍ നിന്നും വാട്‌സാപ്പില്‍ വീഡിയോ കോള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. ആരാണ് എന്ന് മെസ്സേജില്‍ ചോദിച്ചിട്ട് യാതൊരുവിധ മറുപടിയും നല്‍കാതെ വീഡിയോ കോള്‍ തുടര്‍ന്നപ്പോള്‍ എന്റെ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റന്‍ഡ് ചെയ്തു. ഈ സമയത്ത് അപ്പുറത്തുള്ള ആളിനെ കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ക്യാമറ മറച്ചു പിടിച്ചിരുന്നു. ശേഷം എന്റെ ഫോണിലേക്ക് ഒരു സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യത്തില്‍ നില്‍ക്കുന്ന അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയുണ്ടായി. സുഹൃത്തുക്കള്‍ക്ക് ഈ നമ്പര്‍ ഷെയര്‍ ചെയ്ത പ്രകാരം അവരുടെ വീഡിയോ കോളില്‍ പതിഞ്ഞ വിരുതനെ നിങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ്.
ആരെയും വ്യക്തിഹത്യ ചെയ്യണമെന്ന ആഗ്രഹമില്ല. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു സംതൃപ്തി നേടുകയും ചെയ്യുന്ന ഇത്തരം ഞരമ്പന്മാരെ തുറന്നു കാട്ടുക തന്നെ വേണം.
ഇവന്‍ ഖത്തറില്‍ ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ആരുടെയെങ്കിലും കയ്യില്‍ കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ശൈലിയിലുള്ള ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇവനെ അറിയുന്നവര്‍ ഉണ്ടെങ്കില്‍ അഡ്രസ്സ് കമന്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറ്റൊന്നിനുമല്ല നിയമപരമായി നേരിടാന്‍ വേണ്ടിയാണ്.