കല്ലടിക്കോട്: പാലക്കാട് പനയമ്പാടത്ത് അമിതവേഗത്തിലെത്തിയ ലോറിക്കടിയില്‍പെട്ട് കൂട്ടുകാരികള്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട അജ്‌ന ഷെറിന്‍. അപകടമുണ്ടായപ്പോള്‍ കുഴിയിലേക്ക് വീണതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് അജ്‌ന ഷെറിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരീക്ഷക്ക് ശേഷം കടയില്‍ നിന്ന് ഐസും സിപ് അപ്പും വാങ്ങിയ ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. പാലക്കാട് നിന്നും മണ്ണാറക്കാട് ഭാഗത്തുനിന്നും ലോറികള്‍ വരുന്നുണ്ടായിരുന്നു. ഈ രണ്ട് ലോറികളും ഇടിച്ചു.

ഇതോടെ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നുള്ള ലോറി ഞങ്ങളുടെ മുകളിലേക്ക് മറിഞ്ഞു. നാലു പേര്‍ കുറച്ച് മുന്നിലാണ് നടന്നിരുന്നത്. ഇവര്‍ മറിഞ്ഞ ലോറിയുടെ അടിയില്‍ കുടുങ്ങി. താന്‍ സമീപത്തെ കുഴിയില്‍ വീഴുകയും ചെയ്തു. കുഴിയില്‍ നിന്ന് പിന്നീട് വളരെ ബുദ്ധിമുട്ടി കയറി സമീപത്തുള്ള വീട്ടില്‍ എത്തുകയായിരുന്നു.

ഒരുമിച്ചാണ് സ്‌കൂളില്‍ പോയിരുന്നത്. ഇര്‍ഫാനയെ ഡെന്റല്‍ ഡോക്ടറെ കാണിക്കാന്‍ ഉമ്മ ഫാരിസ പനയമ്പാടത്ത് കാത്തുനില്‍ക്കുമെന്ന് പറഞ്ഞിരുന്നു. ഇര്‍ഫാന ഉമ്മയെ കണ്ട നിമിഷത്തിലാണ് ലോറി വന്നിടിച്ചതെന്ന് അജ്‌ന ഷെറിന്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ച നാലു കുട്ടികളും രക്ഷപ്പെട്ട അജ്‌ന ഷെറിന്‍ കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

Leave a Reply

Your email address will not be published. Required fields are marked *