പാലക്കാട്: കലോത്സവ വേദികളില്‍ സ്ഥിരം മണവാട്ടിയായിരുന്നു ആയിഷ. രണ്ടാം ക്ലാസ് മുതല്‍ കഴിഞ്ഞമാസം ശ്രീകൃഷ്ണപുരത്ത് അവസാനം നടന്ന ജില്ലാ കലോത്സവത്തില്‍ വരെ നിരവധി വേദികളില്‍ ആയിഷ മണവാട്ടിയായി വേഷമണിഞ്ഞിട്ടുണ്ട്. ഇന്നലെ അപകടത്തിന് ശേഷം ചലനമറ്റു കിടക്കുന്ന തന്റെ പ്രിയവിദ്യാര്‍ത്ഥിയെ കാണാനെത്തിയ ക്ലാസ് ടീച്ചര്‍ നിത്യ വേദനയോടെയാണ് ആയിഷയെ ഓര്‍മിച്ചത്.

പഠനത്തിലും കലയിലും ആയിഷ മിടുക്കിയായിരുന്നു. ഈ മാസം 21നും ഒപ്പനയില്‍ മണവാട്ടിയാകേണ്ട കുട്ടിയായിരുന്നു അവളെന്ന് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആയിഷയുടെ ക്ലാസ് ടീച്ചര്‍ നിത്യ പൊട്ടിക്കരയുകയായിരുന്നു. സ്‌കൂളിലെ പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുളള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത് ഈ മാസം 21നായിരുന്നു. ക്രിസ്തുമസ് പരീക്ഷ നടക്കുന്നതിനാല്‍ ഇന്നലെ ഒപ്പനയുടെ പരിശീലനമുണ്ടായിരുന്നില്ലെന്നും ടീച്ചര്‍ പറഞ്ഞു. കുട്ടികളുടെ മൃതേദഹം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ ആദ്യം ഓടിയെത്തിയതും ക്ലാസ് ടീച്ചറായ നിത്യ ടീച്ചറായിരുന്നു. ആയിഷ മണവാട്ടിയായ ഒപ്പനയുടെ ദൃശ്യങ്ങള്‍ ഇതിനകം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. മണവാട്ടിയായി വേദിയെ പൊലിപ്പിച്ച ആയിഷയുടെ ദൃശ്യങ്ങളും വേദനയാകുന്നുണ്ട്.

ഇന്നലെ വൈകീട്ടായിരുന്നു നാടിനെ നടുക്കിയ പനയമ്പാടം അപകടമുണ്ടായത്. സ്‌കൂള്‍ വിട്ടുവരുന്ന വഴിക്കാണ് സിമന്റ് ലോഡ് വഹിച്ച ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *