കണ്ണൂർ മാടായിപ്പാറയിൽ കെ റെയിൽ അതിരടയാളക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വെച്ചു.സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി. എട്ട് കല്ലുകളാണ് പിഴുത് റോഡിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. മാടായിപ്പാറയില്‍ നിന്ന് മാടായി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡരികിലാണ് സര്‍വേ കല്ലുകള്‍ക്കുമേല്‍ റീത്തുവെച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പ്രദേശത്ത് നടക്കാനിറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത് നേരത്തെയും രണ്ടു തവണ കല്ലുകൾ പിഴുത് മാറ്റിയിരുന്നു.

സിൽവർ ലൈൻ പദ്ധതിയിയുടെ ഭാഗമായി കെ റെയിൽ എന്ന് രേഖപ്പെടുത്തിയ തൂണുകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഇതിനിടെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. കല്ല് നീക്കം ചെയ്യുന്നതിൽ നിലപാട് അറിയിക്കാൻ കെ റെയിൽ കമ്പനിക്ക് നിർദ്ദേശവും നൽകിയിരുന്നു.

അഞ്ഞൂറ് ഏക്കറിൽ പരന്നു കിടക്കുന്ന ജൈവ സമ്പത്തായ മാടായിപ്പാറ തുരന്ന് കെ റെയിൽ നിർമ്മിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ അടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *