ശബരിമലയിൽ മകരവിളക്ക് മഹോത്സവം ഇന്ന്. ലക്ഷകണക്കിന് ഭക്തജനങ്ങളാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തേക്ക് എത്തുന്നത്. മകരവിളക്കിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് അറിയിച്ചു.മകരവിളക്കിന് മുന്നോടിയായുള്ള മകര സംക്രമണ പൂജ പൂർത്തിയായി. ശബരിമലയിൽ തിരുവാഭരണം ചാർത്തി ദീപാരാധന വൈകീട്ട് ആറരയ്ക്ക് നടക്കും. മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്
പൂർണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മകരവിളക്ക് ദര്‍ശനം. അതുകൊണ്ട് തന്നെ പര്‍ണശാലകള്‍ കെട്ടാൻ അനുമതി നൽകിയിട്ടില്ല. 6.45നാണ് ദീപാരാധന.നിയന്ത്രണങ്ങൾ പാലിച്ച് 75000 തീർത്ഥാടകരെയാണ് സന്നിധാനത്ത് പ്രവേശിപ്പിക്കുന്നത്.
ഹിൽ ടോപ്പിലും മകരവിളക്ക് ദർശനത്തിനു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അവിടെ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഹിൽടോപ്പിൽ 2000 മുതൽ 5000 പേരെ വരെ ദർശനത്തിന് അനുവദിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സന്നിധാനത്ത് പാണ്ടിത്താവളം, അന്നദാന മണ്ഡപത്തിന്റെ മുകളിൽ, കൊപ്രക്കളം എന്നിവിടങ്ങളിലൊക്കെ മകരജ്യോതി ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ശബരിമലയിൽ ഭക്തർക്ക് വരും ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും