ബ്രിട്ടനിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അ‍ഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. കേസില്‍ പ്രതിയായ അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിന് പരമാവധി ശിക്ഷ നല്‍കണം എന്ന് അഞ്ജുവിന്റെ പിതാവ് പറഞ്ഞു.കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനിൽ നഴ്സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാൻവിയെയും നാല് വയസുകാരി ജീവയെയും ഭര്‍ത്താവ് സാജു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. അഞ്ജു മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പത്തു വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലത്ത് പ്രണയിച്ചാണ് അഞ്ജുവും കണ്ണൂര്‍ സ്വദേശിയായ സാജുവും വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വര്‍ഷം മുമ്പ് ബ്രിട്ടനിലേക്ക് പോയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങള്‍ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്.

Leave a Reply

Your email address will not be published. Required fields are marked *