കക്കോടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികള്‍ വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഭാവിയെ മുന്നില്‍ കണ്ടുള്ള ഇടപെടലുകള്‍ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഒരു നാടിന് വികസനം കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാറമ്മല്‍ പുതിയേടത്ത് താഴം റോഡ്, പറമ്പില്‍പ്പള്ളി – എടക്കണ്ടിയില്‍ റോഡ്, പുറത്തോട് – മൂത്തേടത്ത്കുഴി റോഡ്, എളേടത്ത് – തൈക്കണ്ടിയില്‍ റോഡ്, കിരാലൂര്‍ – പടിഞ്ഞാറ്റുംമുറി റോഡ് നവീകരണം, പൂനൂര്‍ പുഴ സംരക്ഷണ ഭിത്തി, മൂത്തേടത്ത്, കിരാലൂര്‍ അങ്കണവാടികളുടെ നവീകരണം, കിരാലൂര്‍ പുഞ്ചത്തോട് സംരക്ഷണ ഭിത്തി, കല്ലിട്ടപാലം വീതി കൂട്ടല്‍ എന്നീ വികസന പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

കക്കോടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് വികസന സമിതി മൂന്നുവര്‍ഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടിയും സംഘടിപ്പിച്ചു. കിരാലൂര്‍ എ യു പി സ്‌കൂളില്‍ നടന്ന ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്തു. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച കലോത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ കെ ടി സാഹിദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൈതമോളി മോഹനന്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ താഴത്തയില്‍ ജുമൈലത്ത് കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നവരെ ആദരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ജയരാജന്‍ പറമ്പത്ത് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി കെ പ്രേമവല്ലി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *