നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ആരോപണങ്ങള്‍ തെളിയിക്കാന്‍ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
വധഗൂഢാലോചന കേസ് ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ആസൂത്രിത നീക്കമാണെന്നും ദിലീപ് പറഞ്ഞു.വധഗൂഢാലോചന നടത്തി എന്നതിന് തെളിവുകളില്ലെന്നും അതുകൊണ്ട് എഫ്.ഐ.ആര്‍ തന്നെ നിലനില്‍ക്കില്ലെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.പ്രതികളുടെ നീക്കം തടയാൻ പരമാവധി തെളിവ് ശേഖരിക്കാൻ ക്രൈം ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദിലീപ് അടക്കമുള്ളവരുടെ ഫോണുകളുടെ ഫോറെൻസിക് പരിശോധന ഫലം ലഭിക്കുന്നതോടെ ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
