പഴമ്പാലക്കോട് വടക്കേ പാവടിയില്‍ യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന വടക്കേ പാവടി ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പഴമ്പാലക്കോട് സ്വദേശി മിഥുൻ ഞായറാഴ്ച രാത്രി പോലീസിൽ കീഴടങ്ങി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. മിഥുന്റെ സഹോദരന്‍ നിഥിന്‍ അടക്കം ആറുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മാര്‍ച്ച് രണ്ടാം തീയതിയാണ്പഴമ്പാലക്കോട് മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് . സംഘർഷത്തിനിടെ യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായ അരുണ്‍കുമാറിനെ ഒരു സംഘം കുത്തിപരിക്കേല്‍പ്പിച്ചു .തുടര്‍ന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെ അരുണ്‍കുമാര്‍ മരിച്ചു.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഉത്സവത്തിനിടെ ബന്ധുക്കളും ഒരേ സമുദായക്കാരുമായ ഇരുവിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നും പോലീസ് പറയുന്നു. അതേസമയം, സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും ആസൂത്രിതമായാണ് അരുണ്‍കുമാറിനെ കൊലപ്പെടുത്തിയതെന്നുമാണ് ബി.ജെ.പി.യുടെ ആരോപണം. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും യുവാവിന്റെ മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും സി.പി.എം ജില്ലാ സെക്രട്ടറിയും പ്രതികരിച്ചിരുന്നു.
