കോഴിക്കോട് ന​ഗരത്തിൽ വഴിതെറ്റി നഗരത്തില്‍ കുടുങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭര്‍ത്താവ് രാത്രി ജീപ്പോടിക്കവെ കുഴഞ്ഞുവീഴുകയും യുവാവിന് നടി സുരഭി ലക്ഷ്മി രക്ഷകയാകുകയും ചെയ്തു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നു രാവിലെയാണു യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് കുഞ്ഞിനെയെടുത്ത് പുറത്തുപോയത്.തിരിച്ചെത്താത്തതോടെ ഭർത്താവ് ഇളയകുഞ്ഞിനെയുമെടുത്ത് ഇവരെ തിരഞ്ഞ് ജീപ്പുമായി ഇറങ്ങി.ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു ഭര്‍ത്താവ് പകലന്തിയോളം നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടിയതോടെ പൊലീസില്‍ പരാതി നല്‍കിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇതേ സമയത്താണ് നടന്ന് തളര്‍ന്ന നിലയില്‍ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയത്.

പൊലീസുകാര്‍ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നല്‍കിയ ശേഷം സ്റ്റേഷനില്‍ സുരക്ഷിതരായി ഇരുത്തി. യുവതിയുടെ കയ്യില്‍ നിന്നു ഭര്‍ത്താവിന്റെ നമ്പര്‍ വാങ്ങി ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞെങ്കിലും സംസാരം തീരുന്നതിനുള്ളില്‍ ഭര്‍ത്താവിന്റെ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായി. രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭര്‍ത്താവ് ഉടന്‍ പൊലീസ് സ്റ്റേഷനിലേക്കു ജീപ്പില്‍ പുറപ്പെട്ടെങ്കിലും വഴിയില്‍വച്ച് കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടു വാഹനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഡ്രൈവിങ് വശമില്ലാത്ത കൂട്ടുകാര്‍ പുറത്തിറങ്ങി നിന്നു വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. അതുവഴി വാഹനത്തിലെത്തിയ സിനിമാനടി സുരഭിലക്ഷ്മി ഉടൻ പൊലീസിൽ അറിയിച്ചതിനെ തുടർന്നു പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്കു സമീപത്തെ പൊലീസ് സ്റ്റേഷനിൽ കണ്ടെത്തുകയും ചെയ്തു.
യുവാവിനെ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ സുരഭിയും അനു​ഗമിച്ചു. യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലെത്തി. സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു. തുടർന്ന് അമ്മയെയും കുട്ടികളെയും പൊലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *