കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ റേക്കുകള്‍ ഇന്ന് കൊച്ചുവേളിയിലെത്തിക്കും. ഉദ്ഘാടന സര്‍വീസിനു മുന്നോടിയായി ദക്ഷിണ റെയില്‍വേ മാനേജര്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തി ക്രമീകരണങ്ങള്‍ വിലയിരുത്തും. വന്ദേ ഭാരത് സര്‍വീസ് ഈ മാസം 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ന്ദേഭാരത് മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് പ്രതികരിച്ചു. 16 കോച്ചുള്ള ട്രെയിൻ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നതിൽ യാതൊരു സംശയവുമില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു.

അതേസമയം, 160 കിലോമീറ്റർ വേഗതയുള്ള ട്രെയിനാണ് വന്ദേഭാരതെങ്കിലും, ഇപ്പോള്‍ 110 കിലോമീറ്റർ വരെ വേഗത ലഭിക്കുമെന്നാണ് പ്രതീക്ഷ. വേഗം കൂട്ടുന്നതിന് ട്രാക്കിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ലിഗാര്‍ സര്‍വേ ഉടൻ നടത്തുമെന്നും റെയില്‍വെ പിഎസി ചെയര്‍മാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14–ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം – കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ്. ഏഴ് – ഏഴര മണിക്കൂർ കൊണ്ടു 501 കിമീ പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകൾ ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനു കൈമാറി. (തിരുവനന്തപുരത്തുനിന്നു രാവിലെ അഞ്ചിന് മുൻപു പുറപ്പെട്ടില്ലെങ്കിൽ മറ്റു ട്രെയിനുകൾ വന്ദേഭാരതിനു വേണ്ടി വഴിയിൽ പിടിച്ചിടേണ്ടി വരുമെന്നതിനാൽ അതിരാവിലെ പുറപ്പെട്ടു രാത്രിയോടെ തലസ്ഥാനത്തു മടങ്ങിയെത്തുന്ന തരത്തിൽ വന്ദേഭാരത് ഓടിക്കേണ്ടി വരും.)

കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ് നിശ്ചയിച്ചിരിക്കുന്നത്. ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമിച്ച ട്രെയിൻ സെറ്റുകളാണ്. 52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ കഴിയും. മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമില്ല. പൂർണമായും ശീതീകരിച്ച ട്രെയിൻ കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *