തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിനെ ചൊല്ലി രാഷ്ട്രീയ വിവാദം. ട്രെയിന്‍ എത്തുന്നത് അവസാന നിമിഷം വരെ രഹസ്യമാക്കി വച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എന്‍ കെ.പ്രേമചന്ദ്രന്‍ എംപി. വന്ദേഭാരത് ട്രെയിന്‍ പെട്ടെന്ന് എത്തിയതിനു പിന്നില്‍ കപട രാഷ്ട്രീയമാണെന്ന വിമർശനവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു.

സാങ്കേതികവിദ്യ വളരുന്നതിന് അനുസരിച്ച് രാജ്യത്ത് വികസനം വരുമെന്നും, അത് ഏതെങ്കിലും സർക്കാരിന്റെ നേട്ടമല്ലെന്നുമായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം. ഭരണം ദുരുപയോഗപ്പെടുത്തി രാഷ്ട്രീയ ലക്ഷ്യത്തിന് എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണമാണ് വന്ദേഭാരത് ട്രെയിനുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, വന്ദേഭാരത് മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണെന്നാണ് ബിജെപി നേതാവും റെയില്‍വേ പിഎസ്‍സി ചെയര്‍മാനുമായ പി.കെ കൃഷ്ണദാസ് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് നേരിട്ട് ഒരുക്കിയ സര്‍പ്രൈസായിരുന്നു കേരളത്തിനുള്ള വന്ദേ ഭാരത് എക്സ്പ്രസ്. വന്ദേ ഭാരത് എക്സ്പ്രസ് ഈ മാസം 25ന് തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യാനുള്ള നീക്കത്തില്‍ ശരിക്കും ഒരു ടിപ്പിക്കല്‍ മോദി ടച്ചുണ്ടെന്ന് നിരീക്ഷകൾ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *