പാലക്കാട്: വെള്ളം ശേഖരിക്കാൻ റെയിവൽവെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു. വീട്ടാവശ്യങ്ങൾക്കുള്ള വെള്ളം ശേഖരിക്കാൻ പതിവായി റെയിൽവെ ട്രാക്ക് മുറിച്ച് കടന്നാണ് യുവതി പോകപുന്നത്. രാധാമണിയാണ് മരിച്ചത്. രാധാമണിക്ക് കേൾവി വൈകല്ല്യമുണ്ട്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പാലക്കാട് ടൗൺ -തിരിച്ചിറപ്പള്ളി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്.
പതിവായി മക്കളാണ് റെയിൽവേ ട്രാക്ക് കടന്ന് വെള്ളമെടുക്കാനായി പോകാറുള്ളത് എന്നും അപകടം നടക്കുമ്പോൾ ഇവരുടെ മക്കൾ ട്രാക്കിന് സമീപത്തുണ്ടായിട്ടും രക്ഷപ്പെടുത്താനായില്ലല്ലോ എന്ന വേദനയും കുടുംബാംഗങ്ങൾ പങ്കു വക്കുന്നു. കേൾവി പരിമിതിയുള്ളതിനാൽ ട്രെയിൻ അടുത്തെത്തിയത് രാധാമണി അറിഞ്ഞില്ല. മക്കളും കുടുംബാംഗങ്ങളും കൂകി വിളിച്ചെങ്കിലും അതൊന്നും രാധാമണിയുടെ ശ്രദ്ധയിൽ പെട്ടില്ലെന്നും ഭർത്താവ് രാജൻ പറഞ്ഞു.
വാളയാറിന് സമീപത്തുള്ള വട്ടപ്പാറ കുഞ്ചപ്പൻ ചള്ള ആദിവാസി കോളനിയിലെ രാജന്റെ ഭാര്യയാണ് 36 കാരിയായ രാധമണി. വാളയർ പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിച്ചു.
