കായംകുളത്ത് അപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കേസ് അന്വേഷണം കായംകുളം ഡിവൈഎസ്പിക്ക് കൈമാറിയ സാഹചര്യത്തിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. ഇതിന് പുറമെ, അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ മാവേലിക്കര മജിസ്‌ട്രേറ്റിന് ആലപ്പുഴ സിജെഎം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതി സിനിൽ സബാദിനെതിരെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ നീക്കം.

ഏപ്രിൽ നാലിന് നടന്ന സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഡിജിപി ഇടപെട്ടത്. എന്നാൽ, കേസ് എടുക്കുന്നതിലോ തുടർ നടപടികളിലോ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഡിജിപിക്ക് നൽകിയ വിശദീകരണം. പരാതി ലഭിച്ച ഉടൻ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ അന്വേഷണ ചുമതല എസ്എച്ച്ഓയിൽ നിന്ന് മാറ്റി ഡിവൈഎസ്പിക്ക് നൽകിക്കൊണ്ട് കേസ് കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *