മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണപ്പെട്ട ഷഹാനയുടെ ഭർത്താവ് സജാദ് എംഡിഎമ്മും ക‍ഞ്ചാവും നിരന്തരം ഉപയോ​ഗിക്കുന്നയാളും കഞ്ചാവിന്റെ ചെറുകിട വ്യാപാരിയുമാണെന്ന് എസിപി കെ സുദർശനൻ. മരിച്ച ദിവസം ഷഹാനയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഷഹാനയുടെ ഉമ്മ പറയുന്നു.

കൂടുതൽ സ്വർണ്ണം നൽകിയില്ലെങ്കിൽ മകളെ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇതിൽ സജാദിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് ഉമ്മ ആരോപിക്കുന്നു.

പ്രതിയെ കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഖത്തറിൽ ജോലിയുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഷഹാനയെ വിവാഹം കഴിച്ചത്.

വീട്ടിലെത്തുമ്പോൾ ഷഹാന തൂങ്ങി നിൽക്കുന്നതാണ് കണ്ടെതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
രണ്ടാഴ്ച്ച മുമ്പ് ഒരു സിനിമയുടെ പ്രതിഫലമായി കിട്ടിയ പണം ഉമ്മയ്ക്ക് കൊടുക്കണമെന്ന് ഷഹാന സജാദിനോട് പറ‍ഞ്ഞിരുന്നു. ഈ തുക തനിക്ക് വേണമെന്ന് പറഞ്ഞ് വലിയ വഴക്കുണ്ടായിരുന്നു.

സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. ഷഹാന ആത്മഹത്യ ചെയ്തതാണ് എന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക വിവരമെങ്കിലും ശരീരത്തിൽ ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ മറ്റ് കാരണങ്ങള്‍ വ്യക്തമാകൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.

ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെ ഇന്നലെ രാത്രിയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയില്‍ ഷഹാന അവശയായി കിടക്കുന്നതാണ് അയല്‍വാസികള്‍ കണ്ടത്. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *