നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകളറിയിച്ച് കോൺഗ്രസ് നേതാക്കൾ. കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.കെ. ശ്രീകണ്ഠൻ, വി.ടി. ബൽറാം, ഷാഫി പറമ്പിൽ തുടങ്ങിയവർ ആശംസകളറിയിച്ചു.

എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് എഐസിസി തീരുമാനമെടുത്തതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതിൽ കാലതാമസം ഉണ്ടായിട്ടില്ല. മുൻപും ഇതിനേക്കാൾ സമയമെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

ഹൈക്കമാൻഡ് തീരുമാനത്തിന് ഒപ്പമുണ്ടാകുമെന്ന് കെ. സുധാകരൻ പ്രതികരിച്ചു. സതീശന് എല്ലാവിധ പിന്തുണയും നൽകും. ലീഗിന് അഭിപ്രായം പറയാൻ അവകാശം ഉണ്ട്. അത് സമ്മർദമല്ല, പഴയ കാര്യങ്ങൾക്ക് ഇനി പ്രസക്തിയില്ല. രമേശ് ചെന്നിത്തല പരിഭവിക്കുമെന്ന് താൻ കരുതുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

ജനഹിതം മാനിച്ചുകൊണ്ടുള്ള തീരുമാനമെന്ന് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. എല്ലാ കോൺഗ്രസ് നേതാക്കളും തീരുമാനം അംഗീകരിക്കും. ഇടുക്കിക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടും എന്നാണ് വിശ്വാസം. ഇടുക്കിയിൽ നിന്ന് കോൺഗ്രസ് മന്ത്രി വേണമെന്നത് തൻ്റെയും ആവശ്യമെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.

തെരഞ്ഞെടുപ്പിൻ്റെ നായകത്വം വഹിച്ച വി.ഡി. സതീശനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുവെന്ന് വി.കെ. ശ്രീകണ്ഠൻ പ്രതികരിച്ചു. ടീം യുഡിഎഫിന് കിട്ടിയ അംഗീകാരമാണ് സതീശൻ്റെ മുഖ്യമന്ത്രി പദം. യുഡിഎഫ് എന്നാൽ കോൺഗ്രസ് മാത്രമല്ല. മുസ്ലീം ലീഗ് മതേതര നിലപാട് സ്വീകരിച്ച് യുഡിഎഫിന് ഒപ്പം നിൽക്കുന്ന പാർട്ടിയാണ്. മുന്നിൽ നിന്ന് പോരാടിയത് വി.ഡി. സതീശനെന്നും വി.കെ. ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.

കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമാണ് കേരളത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വി.ടി. ബൽറാം പ്രതികരിച്ചു. കേരളം മനസ്സുകൊണ്ട് എന്നേയെടുത്ത തീരുമാനത്തിന് ഇതാ ഔപചാരികതയുടെ കയ്യൊപ്പ് ചാർത്തപ്പെട്ടിരിക്കുന്നുവെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *