സംസ്ഥാനത്തുടനീളമുള്ള കോണ്‍ഗ്രസ് ഓഫീസുകളെ ആക്രമിച്ച സിപിഐഎം നടപടിയെ കടുത്ത ഭാഷയില്‍ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണ് യുഡിഎഫും കോണ്‍ഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചുവിട്ടത് സിപിഐഎമ്മും ഡിവൈഎഫ് ഐ ഗുണ്ടകളുമാണെന്നും അദ്ദേഹം പറഞ്ഞു.

എന്തടിസ്ഥാനത്തിലാണ് രണ്ട് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ വധശ്രമത്തിനെതിരെ കേസ് എടുത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അവരെ തള്ളിതാഴെയിട്ട് ചവിട്ടിക്കൂട്ടിയ ഇപി ജയരാജനെതിരെ ഒരു കേസും എടുക്കാത്തത് എന്ത്?. ജയരാജന്‍ പുറത്തുവന്ന ശേഷം പച്ചക്കള്ളമാണ് പറഞ്ഞതെന്ന് ഇതിനകം വ്യക്തമായെന്നും വിഡി സതീശന്‍ ചൂണ്ടികാട്ടി.

പ്രതിഷേധം, പ്രതിഷേധം എന്നുമാത്രമാണ് അവര്‍ വിളിച്ചത്. ഹിറ്റ്ലറെക്കാള്‍, മോദിയെക്കാള്‍, യോഗി ആദിത്യനാഥിനെക്കാള്‍ വലിയ ഏകാധിപതി ചമയുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് സതീശന്‍ പറഞ്ഞു.

വിമാനത്തില്‍ രണ്ട് മുദ്രാവാക്യം വിളിക്കുന്നതാണോ ഭീകരപ്രവര്‍ത്തനം?. കേരളത്തില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നത് സിപിഎം ആണ്. ആകാശത്തില്‍വച്ച് പ്രതിഷേധം എന്നുപറഞ്ഞാലും ഭൂമിയില്‍ വച്ച് പ്രതിഷേധം എന്നുപറഞ്ഞാലും ഒരുപോലെ തന്നെയാണ്. ഈ സിപിഎമ്മല്ലേ എകെ ആന്റണി മന്ത്രിസഭയിലെ കെവി തോമസിനെ കോഴിക്കോട് ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ തലയില്‍ കരിഓയില്‍ ഒഴിച്ചത്. വിമാനത്തില്‍ പ്രതിഷേധം എന്നുവിളിച്ചാല്‍ തെറ്റ്. ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ മന്ത്രിയുടെ തലയില്‍ കരി ഓയില്‍ ഒഴിച്ചാല്‍ നല്ലത്. ഇവരുടെ വര്‍ത്തമാനം കേട്ടാല്‍ ലോകത്തില്‍ ആദ്യമായി നടക്കുന്ന സംഭവമാണ് ഇതെന്ന് തോന്നും. ഈ കുട്ടികളുടെ കൈയില്‍ വെടിയുണ്ടയൊന്നും ഉണ്ടായിരുന്നില്ല. വെടിയുണ്ടയുമായി നടന്നിരുന്നത് ആരാണെന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കരുത്. രണ്ട് വര്‍ഷം മുന്‍പ് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസാമിയ്ക്ക് നേരെ വിമാനത്തില്‍ പ്രതിഷേധമുണ്ടയാപ്പോള്‍ പ്രതിഷേധിച്ച യാത്രക്കാരനെ വിമാനക്കമ്പനി മൂന്ന് വര്‍ഷം വിലക്കിയപ്പോള്‍ അതിനെതിരെ സീതാറാം യെച്ചൂരി വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. പ്രതിഷേധിച്ചതിനെതിരെ എടുത്ത നടപടി ജനാധിപത്യവിരുദ്ധമാണ്, ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു യെച്ചൂരി പറഞ്ഞത്. ആ പാര്‍ട്ടിയാണ് ഇതിനെ ഭീകരപ്രവര്‍ത്തനമെന്നു പറയുന്നതെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *