വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ പ്രതിഷേധിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. മട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ ഫര്‍സീന്‍ മജീദി(28)നെയാണ് സസ്പെന്‍ഡ് ചെയ്തത്. മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റു കൂടിയായ ഇദ്ദേഹത്തെ 15 ദിവസത്തേക്കാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡി.ഡി.ഇ. സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി മാനേജ്മെന്റ് അറിയിച്ചത്. ഫര്‍സീന്‍ മജീദ് തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ ജോലിക്ക് ഹാജരായിരുന്നതായി ഡി.ഡി.ഇ. അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അവധിക്ക് അപേക്ഷിക്കുകയും ഇത് അനുവദിച്ചതായും സ്‌കൂളിലെ രേഖകളിലുണ്ടെന്നും ഡി.ഡി.ഇ. പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ അധ്യാപകന്‍ പ്രതിഷേധിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രാവിലെ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതിനു പിന്നാലെ ഏതാനും രക്ഷിതാക്കളെത്തി കുട്ടികളുടെ ടിസി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *