കുന്ദമംഗലം: മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദയെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റംഗം ഷാഹീന്‍ നരിക്കുനി പറഞ്ഞു. മലബാര്‍ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കുന്ദംമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാദി റുഷ്ദയുടേത് ആത്മഹത്യയല്ല വ്യാസ്ഥാപിത കൊലപാതകമാണെന്നും, രണ്ടാം അലോട്‌മെന്റ് പൂര്‍ത്തിയായിട്ടും അഡ്മിഷന്‍ ലഭിക്കാതെ പുറത്ത് നില്‍ക്കുന്ന എണ്‍പതിനായിരത്തില്‍പരം വിദ്യാര്‍ഥികള്‍ക്കും സീറ്റ് ഉറപ്പ് വരുത്തിയതിനു ശേഷമേ ക്ലാസുകള്‍ ആരംഭിക്കാന്‍ പാടുള്ളൂ വെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധ സൂചകമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ കോലം കത്തിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് മുസ്അബ് അലവി എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഹാദിയ ഹനാന, മണ്ഡലം കമ്മിറ്റി അംഗം സഹല്‍, ദില്‍ന കുന്ദംമംഗലം, ഇ.പി. റന്‍തീസ്, അലി റഫാഹ്, നൂറുദ്ധീന്‍ ചെറൂപ്പ എന്നിവര്‍ നേതൃത്വം നല്‍കി.