അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ വിമാനം അപകടത്തില്‍പ്പെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങള്‍ക്കായി രഞ്ജിതയുടെ സഹോദരന്‍ രതീഷും അമ്മാവന്‍ ഉണ്ണികൃഷ്ണനും അഹമ്മദാബാദിലെത്തി. രഞ്ജിതയുടെ ഡിഎന്‍എ പരിശോധന നടപടി ക്രമങ്ങള്‍ക്കായാണ് ഇരുവരും അഹമ്മദാബാദില്‍ എത്തിയത്. ഡിഎന്‍എ പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ യാത്രാ രേഖകളും സാക്ഷ്യപത്രവും കൈമാറിയ ശേഷമാണ് ഇവര്‍ അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചത്.
സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് രഞ്ജിതയെ തേടി ദുരന്തം എത്തിയത്. അതേസമയം രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും കുടുംബത്തിന് നല്‍കുമെന്ന് അഹമ്മദാബാദിലെ കേരളസമാജം പ്രവര്‍ത്തകര്‍ പറഞ്ഞു.