മലാപ്പറമ്പിലെ അനാശ്യാസ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പോലീസുകാര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ അന്വേഷണ സംഘം. ഈ മാസം ആദ്യമാണ് മലാപ്പറമ്പില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തത്. പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് സിറ്റി പോലീസിലെ രണ്ട് പോലീസുകാരും പ്രതിചേര്‍ക്കപ്പെട്ടത്.പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്ദമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍ ഒരാളായ അമനീഷ് കുമാര്‍ എന്നിവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു.

കേന്ദ്രത്തിലെ നിത്യ സന്ദര്‍ശകരായ ഇരുവരുടെയും അക്കൗണ്ടിലേക്ക് വന്‍ തുകയും എത്തിയിരുന്നു. കേസില്‍ പ്രതിചേര്‍ത്തതോടെ ഇരുവരും ഒളിവിലാണ്. ഇവരുടെ മൊബൈല്‍ ഫോണ്‍ ഇന്നലെ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. സൈബര്‍ പോലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

2020-ല്‍ സമാന രീതിയിലുള്ള ഒരു കേസുമായി ബന്ധപ്പെട്ടാണ് ബിന്ദുവുമായി പോലീസുകാരന്‍ അടുപ്പം സ്ഥാപിക്കുന്നത്. പിന്നീട് ഫോണ്‍ നമ്പര്‍ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബിന്ദുവിനേയും കേന്ദ്രത്തില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളേയും ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന്റെ പങ്കിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *