കാലവര്‍ഷത്തിന് പിന്നാലെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു. ജില്ലയില്‍ ഒരു എലിപ്പനി മരണം സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 33 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.ആറുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കഴിഞ്ഞ ആറു ദിവസത്തിടെ ഡെങ്കി സംശയിക്കുന്ന 196 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 33 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിക്കുകയും ചെയ്തു.ജില്ലയില്‍ ആറു പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.ആലുവയില്‍ എലിപ്പനി സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ആറു ദിവസത്തിനുള്ളില്‍ പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയത് 3346 പേരാണ്.കാലാവസ്ഥയില്‍ വന്ന മാറ്റം പനിബാധിതരുടെ എണ്ണം ദിനംപ്രതി കൂട്ടുന്നു എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്ന കണക്കുകള്‍. ജില്ലയുടെ പശ്ചിമ മേഖലകളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം കൃത്യമായി നടക്കാത്തതാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിയതെന്നും ആരോഗ്യവകുപ്പ് പറയുന്നു.മഴ ശക്തമായിട്ടും പല മേഖലകളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഡെങ്കി കൊതുകുകള്‍ക്ക് വളരാനുള്ള അവസരം ഉണ്ടാക്കിയെന്നും ആരോഗ്യവകുപ്പ് കുറ്റപ്പെടുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *