കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി.കണ്ണൂര്‍ തില്ലങ്കേരിയിലെ വീട്ടിലാണ് റെയ്ഡ് നടന്നത് . കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുമായി അടുത്തബന്ധമുള്ള പശ്ചാത്തലത്തിലാണ് ആകാശിന്റെ വീട്ടില്‍ റെയ്ഡ്.
ഇന്നു പുലര്‍ച്ചെയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂര്‍ കസ്റ്റംസ് ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ള വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആകാശിന്റെ വീട്ടില്‍ റെയ്ഡ്. കഴിഞ്ഞദിവസം ചോദ്യം ചെയ്ത ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയില്‍ നിന്ന് സ്വര്‍ണ്ണക്കടത്തില്‍ ആകാശ് തില്ലങ്കേരിയുടെ പങ്ക് വെളിപ്പെടുത്തുന്ന മൊഴി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടികളെന്നാണ് സൂചന.
കേസില്‍ ഇന്നലെ അറസ്റ്റിലായ തെക്കേ പാനൂര്‍ സ്വദേശി അജ്മലിനും ആകാശുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് ഉള്‍പ്പെടെയുള്ളവയിലും ആകാശിന് പങ്കുണ്ടെന്നാണ് സൂചന. ക്വട്ടേഷന്‍ സംഘങ്ങളുടെ യഥാര്‍ഥ തലവന്‍ ആകാശ് തില്ലങ്കേരി ആണെന്ന ധാരണയിലാണ് കസ്റ്റംസ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ആകാശിന്റെ വീട്ടിലെ കസ്റ്റംസ് റെയ്ഡ്.